News
23 പ്രോലൈഫ് പ്രവർത്തകർക്കു മാപ്പ്, ജീവനും കുടുംബവും സംരക്ഷിക്കും; ഭ്രൂണഹത്യയെ തള്ളി 'ട്രംപ് 2.0'
പ്രവാചകശബ്ദം 25-01-2025 - Saturday
വാഷിംഗ്ടണ്‍ ഡിസി: ഭ്രൂണഹത്യ ക്ലിനിക്കുകൾ ഉപരോധിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട 23 പ്രോലൈഫ് പ്രവർത്തകർക്കു മാപ്പു നല്‍കിയും ജീവന്റെ പ്രഘോഷണവുമായുള്ള മാര്‍ച്ച് ഫോര്‍ ലൈഫില്‍ സന്ദേശം നല്‍കിയും പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവസാക്ഷ്യം. നേരത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന പ്രസ്താവന ട്രംപ് നടത്തിയെങ്കിലും അധികാരത്തില്‍ ഏറിയതോടെ സ്വീകരിച്ച നയങ്ങളാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ളാദം പകരുന്നത്.
2020 ഒക്ടോബറിൽ വാഷിംഗ്‌ടൺ ഡിസിയിലെ ഒരു അബോർഷൻ ക്ലിനിക്കിൽ ഉപരോധം നടത്തിയവർക്കു ട്രംപ് കഴിഞ്ഞ ദിവസം മാപ്പു നല്‍കി കുറ്റവിമുക്തരാക്കുകയായിരിന്നു. ഉത്തരവിൽ ഒപ്പുവയ്ക്കുന്നതു വലിയ ബഹുമതിയായി കരുതുകയാണെന്നും ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരിന്നുവെന്നും സമാധാനപരമായി പ്രതിഷേധിച്ചവർക്കാണു മാപ്പു നല്കിയതെന്നും ട്രംപ് പറഞ്ഞു. ഇന്നലെ അമേരിക്കയിലെ ഏറ്റവും വലിയ ഭ്രൂണഹത്യ വിരുദ്ധ റാലിയെ വീഡിയോയിലൂടെ ട്രംപ് അഭിസംബോധന ചെയ്തതും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തില്‍ ഏറി ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പേ ട്രംപ് വീഡിയോയിലൂടെ റാലിയെ അഭിസംബോധന ചെയ്യുകയായിരിന്നു.
തങ്ങൾ അഭിമാനത്തോടെ ഒരിക്കൽ കൂടി കുടുംബങ്ങളെയും ജീവനെയും സംരക്ഷിക്കുമെന്ന് ഇന്നലെ തൻ്റെ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. “എന്റെ രണ്ടാം ടേമിൽ, ഞങ്ങൾ വീണ്ടും അഭിമാനത്തോടെ കുടുംബങ്ങളെയും ജീവനെയും സംരക്ഷിക്കും. ഞങ്ങൾ നേടിയ ചരിത്ര നേട്ടങ്ങൾ ഞങ്ങൾ സംരക്ഷിക്കും. ഒരിക്കലും പ്രതീക്ഷ കൈവിടാത്തതിനു നന്ദി. നിങ്ങളുടെ മഹത്തായ പിന്തുണയ്ക്ക് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ”- ട്രംപ് പറഞ്ഞു. 2020-ല്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അന്ന് പ്രസിഡന്‍റായിരിക്കെ ട്രംപ് പങ്കെടുത്തത് ചരിത്രത്താളുകളില്‍ ഇടം നേടാന്‍ കാരണമായിയിരിന്നു. പരിപാടിയില്‍ പങ്കുചേരുന്ന ആദ്യ പ്രസിഡന്‍റ് എന്ന ഖ്യാതിയോടെയാണ് ഡൊണാള്‍ഡ് ട്രംപ് അന്ന് റാലിയില്‍ അണിചേര്‍ന്നത്.
2024ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഗർഭഛിദ്രം പ്രധാന പ്രചാരണവിഷയമായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും മുൻ പ്രസിഡന്‍റ് ജോ ബൈഡനും ഭ്രൂണഹത്യയ്ക്കു വേണ്ടി അനുകൂല നിലപാടാണു സ്വീകരിച്ചിരിന്നത്. ജീവന്റെ സംരക്ഷണത്തിനായി ട്രംപ് സ്വീകരിക്കാന്‍ പോകുന്ന പുതിയ തീരുമാനങ്ങളും നയങ്ങളും പ്രോലൈഫ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുകയാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟