India
ഭരണകൂടത്തിന് താക്കീതുമായി കർഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ച്
പ്രവാചകശബ്ദം 16-02-2025 - Sunday
ചങ്ങനാശേരി: കർഷക ജനതയും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികൾ തുറന്നുകാട്ടി ക്രൈസ്തവ ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ ഭരണാധികാരികൾക്കു കടുത്ത മുന്നറിയിപ്പുമായി ത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാർച്ചും അവകാശപ്രഖ്യാപന റാലിയും. അതിരമ്പുഴ മുതൽ അമ്പൂരി വരെ ദീർഘിച്ച ചങ്ങനാശേരി അതിരൂപതയിലെ ഇരുന്നൂറ്റമ്പതോളം ഇടവകകളിലെ കാൽ ലക്ഷത്തിലേറെവരുന്ന വിശ്വാസികളാണ് കൊടികളും പ്ലക്കാർഡുകളും ഉയർത്തി അവകാശ സംരക്ഷണത്തിനായി ആവേശത്തോടെ അണിനിരന്നത്.
രാവിലെ ഒമ്പതിന് മങ്കൊമ്പ് ഡോ.എം.എസ്. സ്വാമിനാഥൻ നഗറിൽ നിന്നും ആരംഭിച്ച ലോംഗ് മാർച്ച് അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പിടിഞ്ഞാറേവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ് മാർച്ചിനു നേതൃത്വം നൽകിയത്. വിവിധ ഫൊറോനകളിലെ ആയിരത്തോളം വരുന്ന പ്രതിനിധികൾ അണിനിരന്ന മാർച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി എസി റോഡിലൂടെ 16 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് പെരുന്നയിൽ എത്തിച്ചേർന്നത്.
തുടർന്ന് പെരുന്നയിലെ സി.എഫ്.തോമസ് സ്ക‌്വയറിൽനിന്ന് എസ്ബി കോളജ് മൈതാനത്തേക്ക് അവകാശ സംരക്ഷണറാലി പുറപ്പെട്ടു. വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി റാലി ഉദ്ഘാടനം ചെയ്തു. കുടുംബക്കൂട്ടായ്മമ കൺവീനർ ഫാ. ജോർജ് മാന്തുരുത്തിൽ ആമുഖപ്രസംഗം നടത്തി. 18 ഫൊറോനകളിൽനിന്നുള്ള ആയിരങ്ങൾ അണിനിരന്ന റാലി ചങ്ങനാശേരി നഗരത്തിനു പുത്തൻ ചരിത്രമായി. നാടിൻ്റെ സാമൂഹ്യപ്രശ്‌നങ്ങളും വെല്ലുവിളികളും ഉയർത്തിയ മുദ്രാവാക്യങ്ങളും ഫ്ലോട്ടുകളും വാദ്യമേളങ്ങളും റാലിയെ വർണാഭമാക്കി.
റാലി എസ്ബി കോളജ് മൈതാനത്ത് എത്തിയശേഷം 4. 15ന് മാർ ജോസഫ് പവ്വത്തിലിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ മഹാസമ്മേളനം ആരംഭിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. അനീതിക്കും അവകാശനിഷേധത്തിനും വിവേചനങ്ങൾക്കുമെതിരേ ക്രൈസ്‌തവർ ഒരുമിക്കുമെന്നതിനു തെളിവാണ് റാലിയിലും സമ്മേളനത്തിലും അണിനിരന്ന ജന സാഗരമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടി.
ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആമുഖപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയി ൽ, ജോബ് മൈക്കിൾ എംഎൽഎ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ, ജനറൽ സെക്ര ട്ടറി ബിനു ഡൊമിനിക്, രാജേഷ് ജോൺ, ജിനോ ജോസഫ്, സണ്ണിച്ചൻ ഇടിമണ്ണിക്കൽ, സേവ്യർ കൊണ്ടോടി തുടങ്ങിയവർ പ്രസംഗിച്ചു.
