News
മെക്സിക്കോയില്‍ നിന്നുള്ള ഈ ഇരട്ട സഹോദരങ്ങള്‍ ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതര്‍
പ്രവാചകശബ്ദം 19-02-2025 - Wednesday
മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളുടെ തിരുപ്പട്ട സ്വീകരണം ശ്രദ്ധ നേടുന്നു. ജോസ് അൻ്റോണിയോ, ജുവാൻ അൻ്റോണിയോ സഹോദരങ്ങളാണ് സഹോദര ബന്ധത്തിന് പുറമേ, ക്രിസ്തുവിന്റെ വിളിക്ക് ഒരുമിച്ച് പ്രത്യുത്തരം നല്‍കിക്കൊണ്ട് വൈദികരായി ഒരുമിച്ച് ക്രിസ്തുവിനെ സേവിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. പത്താം വയസ്സിലാണ് പൗരോഹിത്യത്തിലേക്കുള്ള അവരുടെ ആദ്യ യാത്ര ആരംഭിച്ചത്. അലാമോ ടെമാപാച്ചെ മുനിസിപ്പാലിറ്റിയിലെ തങ്ങളുടെ പ്രാദേശിക ദേവാലയത്തില്‍ അൾത്താര ബാലന്മാരായി ഈശോയോട് ചേര്‍ന്നുള്ള ജീവിതം നയിക്കാന്‍ അവര്‍ ചെറുപ്പകാലം മുതല്‍ തന്നെ ശ്രദ്ധിച്ചിരിന്നു.
ഈ അള്‍ത്താര അനുഭവം, യേശുവുമായുള്ള അവരുടെ ബന്ധം കൂടുതല്‍ ആഴപ്പെടുത്തുകയായിരിന്നു. അള്‍ത്താര ബാലന്മാരായിട്ടുള്ള ഇരുവരുടെയും ശുശ്രൂഷകള്‍ക്കിടെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വളരെയധികം സന്തോഷവും അനുഭവവും ലഭിച്ചതായി ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. വൈദികന്‍ ആകണമെന്ന ആഗ്രഹം ആദ്യം തോന്നിയത് അള്‍ത്താര ശുശ്രൂഷയിലായിരിക്കുമ്പോഴാണെന്ന്‍ ഫാ. ജോസ് അൻ്റോണിയോ പറയുന്നു. ഇത് തന്നെയാണ് ജുവാൻ അൻ്റോണിയോയ്ക്കും പറയാനുള്ളത്.
സെമിനാരി പ്രവേശനവും സംശയവും
2011-ൽ, രണ്ട് സഹോദരന്മാരും വൊക്കേഷണൽ പ്രീ-സെമിനാരിയിൽ പ്രവേശിച്ചു. തങ്ങളുടെ വിളി ഇത് തന്നെയാണോ എന്നറിയാനുള്ള ശ്രമമായിരിന്നു അത്. ജോസ് അൻ്റോണിയോ തുടക്കം മുതല്‍ ആവേശഭരിതനായിരുന്നു. എന്നാല്‍ സഹോദരനു തുടക്കത്തിൽ സംശയങ്ങള്‍ ഉടലെടുത്തിരിന്നു. പ്രീ സെമിനാരിയുടെ അവസാന ഘട്ടത്തില്‍ തങ്ങളുടെ വിളി അവര്‍ തിരിച്ചറിഞ്ഞു. വൈദിക പാത പിന്തുടരാനുള്ള ആഗ്രഹം ഇരുവരും ഉറപ്പിച്ചു.
“എനിക്ക് എവിടെയാണ് കൂടുതൽ മികച്ച രീതിയിൽ സേവനം ചെയ്യാൻ കഴിയുക?” എന്ന ചോദ്യമാണ് ജോസ് അൻ്റോണിയോയ്ക്കു മുന്നില്‍ ഉണ്ടായിരിന്നത്. "ദൈവം എന്നിൽ നിന്ന് കൂടുതൽ ആഗ്രഹിക്കുന്നു" എന്ന് ജുവാൻ അൻ്റോണിയോ മനസിലാക്കി. ഇക്കഴിഞ്ഞ ജനുവരി 21-ന്, ടക്‌സ്‌പാനിലെ ബിഷപ്പ് റോബർട്ടോ മാഡ്രിഗൽ ഗാലെഗോസില്‍ നിന്നു ഇരുവരും തിരുപ്പട്ടം സ്വീകരിച്ചു. തന്റെ വൈദിക രൂപീകരണത്തിലുടനീളം തന്നെ അനുഗമിച്ച സഹോദരനുമായി യാത്ര പങ്കിടാൻ കഴിയുന്നത് ദൈവസ്നേഹത്തിൽ നിന്നുള്ള അനുഗ്രഹമായി കണക്കാക്കുകയാണെന്ന് ഫാ. ജോസ് അൻ്റോണിയോ പറയുന്നു.
സെമിനാരിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരോട്..!
സെമിനാരിയിൽ പ്രവേശിക്കാൻ തീരുമാനിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്കുള്ള ഹൃദയത്തില്‍ നിന്നുള്ള മറുപടിയും ഈ സഹോദരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. സംശയങ്ങളും ഭയങ്ങളും ഉണ്ടാകാമെന്നും എന്നാല്‍ നിങ്ങൾക്കായി മാത്രമല്ല, മുഴുവൻ സഭയ്ക്കും ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും നോക്കുമ്പോൾ, അത് മഹത്തായതാണെന്ന് ഫാ. ജുവാൻ പറയുന്നു. "ദൈവം നിങ്ങളിൽ പ്രവർത്തിക്കുന്നു, നിങ്ങളിലൂടെ നിരവധി ആളുകൾക്ക് രക്ഷിക്കപ്പെടാൻ കഴിയുമെന്ന് മനസ്സിലാക്കുന്നത് അതിശയകരമായ കാര്യമാണെന്നും" അദ്ദേഹം പറയുന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
