News - 2025

ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ നിന്ന് മടങ്ങിയതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

പ്രവാചകശബ്ദം 01-03-2025 - Saturday

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിലെ "ചികിത്സ പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ടു"വെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായില്‍ വ്യാജ പ്രചരണം നടക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം പോള്‍ ആറാമന്‍ ഹാളില്‍ എത്തുന്ന പഴയ വീഡിയോ സഹിതമാണ് വ്യാജ പ്രചരണം നടക്കുന്നത്. ആദ്യം ഫേസ്ബുക്ക് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമാണ് വ്യാജ പ്രചരണം നടന്നത്. വൈകാതെ നിരവധി മലയാളികള്‍ കൂടി വീഡിയോ സഹിതമുള്ള പോസ്റ്റ് പങ്കുവെച്ചതോടെ നുണപ്രചരണം ശക്തമായി.

കഴിഞ്ഞ ദിവസങ്ങളില്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി പ്രകടിപ്പിക്കുന്നുണ്ടായിരിന്നു. ആശുപത്രിയില്‍ നിന്നു തന്നെ പാപ്പ വിവിധ ഡിക്രികളില്‍ ഒപ്പുവെച്ചതും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരോട് സംസാരിച്ചതും ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്ക് ഫോണ്‍ ചെയ്തതും വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചിരിന്നു. ഇത്തരത്തില്‍ ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ഇന്നലെ പെട്ടെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയായിരിന്നു. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് ആരോഗ്യനില വഷളാക്കിയത്. പാപ്പയ്ക്കു ഓക്സിജന്‍ നല്‍കുന്നത് തുടരുകയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »