News
രാജ്യത്ത് ആദ്യമായി മലയാളി കത്തോലിക്ക സന്യാസിനി നോട്ടറി പദവിയില്‍
പ്രവാചകശബ്ദം 06-03-2025 - Thursday
കൊച്ചി: രാജ്യത്ത് ആദ്യമായി നോട്ടറി പദവിയിലെത്തുന്ന സന്യാസിനി എന്ന ഖ്യാതി ഇനി സിസ്റ്റർ അഡ്വ. ഷീബ പോൾ പാലാട്ടിയുടെ പേരില്‍. സിസ്റ്റേഴ്സ‌് ഓഫ് ഹോളി സ്‌പിരിറ്റ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അഡ്വ. ഷീബ പോളിനെ കേന്ദ്രസർക്കാർ നോട്ടറിയായി നിയമിക്കുകയായിരിന്നു. മലയാറ്റൂർ നീലീശ്വരം പാലാട്ടി പോൾ- ആനീസ് ദമ്പതികളുടെ മകളായ സിസ്റ്റർ ഷീബ, ഹോളി സ്‌പിരിറ്റ് സന്യാസിനി സമൂഹത്തിൻ്റെ പൂനെ പ്രോവിൻസ് അംഗമാണ്. നോട്ടറി തസ്തികയിലേക്കുള്ള പരീക്ഷയും ഇൻ്റർവ്യൂവും പൂർത്തിയാക്കിയ സിസ്റ്റർ ഷീബയ്ക്ക് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ലഭിച്ചു.
മഹാരാഷ്ട്രയിൽനിന്നുള്ള പുതിയ നോട്ടറിമാരുടെ പേരുകളുമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പട്ടികയിലാണ് സിസ്റ്റർ ഷീബയും ഉൾപ്പെട്ടിട്ടുള്ളത്. 2013 മുതൽ മുംബൈയിൽ നിയമരംഗത്തുള്ള സിസ്റ്റർ ഷീബ പോൾ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും നീതിക്കുമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുംബൈയിലെ കുടുംബക്കോടതിയിലെത്തുന്ന നിസഹായരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിലും സിസ്റ്റർ സജീവമായിരുന്നു.
സമൂഹത്തിന്റെ അടിത്തറയായി എപ്പോഴും കുടുംബത്തെ കാണുന്നുവെന്നും ഐക്യത്തിനും ഒരുമയ്ക്കും വേണ്ടി പരിശ്രമിക്കുന്ന തന്റെ ജോലിയിലൂടെ, നിരവധി കുടുംബങ്ങൾ അനുരഞ്ജനപ്പെടുകയും ജീവിതം പടുത്തുയര്‍ത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും സിസ്റ്റർ ഷീബ സിസിബിഐയുടെ കീഴിലുള്ള 'കാത്തലിക് കണക്റ്റ്' എന്ന മാധ്യമത്തോട് പറഞ്ഞു.
നിയമവഴിയിലേക്ക് നീങ്ങുന്നതിലേക്ക് പ്രേരിപ്പിച്ച സംഭവം:
മതബോധന പഠനത്തിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ, പാലക്കാട് സെൻട്രൽ ജയിലില്‍ നടത്തിയ സന്ദര്‍ശനം വഴിത്തിരിവാകുകയായിരിന്നു. നിയമസഹായം ലഭിക്കാത്തതിനാൽ പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്ന സ്ത്രീ തടവുകാരെ അവിടെ അവർ കണ്ടു. അവരുടെ കഷ്ടപ്പാടുകൾ ഷീബയെ വല്ലാതെ വേദനിപ്പിച്ചു. "ആരും അവരുടെ കേസുകൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ആ നിമിഷം മുതല്‍ നിയമം പിന്തുടരാനുള്ള വിത്ത് തന്റെ ഹൃദയത്തിൽ പാകുകയായിരിന്നു"വെന്ന് സിസ്റ്റര്‍ ഷീബ പറയുന്നു.
നിയമരംഗത്തേക്ക് കടക്കുന്നതിന് മുമ്പ്, സിസ്റ്റര്‍ ഷീബ സോഷ്യല്‍ വര്‍ക്കില്‍ ബിരുദം പൂർത്തിയാക്കി. ഗ്രാമപ്രദേശങ്ങളിലെ പിന്നാക്ക കുടുംബങ്ങളെ പിന്തുണച്ചുകൊണ്ട് സാമൂഹിക പ്രവർത്തകയായി സേവനമനുഷ്ഠിച്ചു. 2009-ലാണ് സന്യാസ സമൂഹത്തിന്റെ അനുമതിയോടെ നിയമപഠനം ആരംഭിക്കുന്നത്. 2013-ൽ, അവർ മുംബൈയിൽ പ്രാക്ടീസ് ആരംഭിച്ചു. 1998ൽ സിസ്റ്റര്‍ ഷീബ അംഗമായ ഹോളി സ്‌പിരിറ്റ് സന്യാസിനി സമൂഹം നിയമപരിരക്ഷ ലഭ്യമാക്കുവാന്‍ ലീഗല്‍ മിനിസ്ട്രി ആരംഭിച്ചിരിന്നു.
പ്രതിസന്ധിയിലായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഒരു അഭയകേന്ദ്രവുമായി നിലവിൽ, ശാന്തിഗറിലാണ് സിസ്റ്റര്‍ താമസിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടവർക്കും സഹായമില്ലാതെ കഴിയുന്നവർക്കും പരിചരണവും നിയമ പിന്തുണയും നൽകുന്ന സന്യാസ സമൂഹത്തിന്റെ കേന്ദ്രത്തില്‍ അനേകര്‍ക്ക് ആശ്വാസം പകരുന്നതിനിടെയാണ് സിസ്റ്ററിന് നോട്ടറി പദവി ലഭിച്ചിരിക്കുന്നത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
