News - 2025

മ്യാന്മറില്‍ കത്തോലിക്കാ അജപാലനകേന്ദ്രം സായുധ സേന തകര്‍ത്തു

പ്രവാചകശബ്ദം 08-03-2025 - Saturday

ചിൻ: സായുധസംഘർഷങ്ങളും പോരാട്ടങ്ങളും തുടരുന്ന മ്യാന്മറിന്റെ വടക്കൻ പ്രദേശത്തു കത്തോലിക്കാ അജപാലനകേന്ദ്രം ബർമീസ് സായുധ സേന ബോംബാക്രമണത്തിൽ തകർത്തു. കച്ചിൻ (Kachin) സംസ്ഥാനത്തുള്ള ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലനകേന്ദ്രമാണ് മാർച്ച് മൂന്നാം തീയതി തിങ്കളാഴ്ച സൈന്യം തകർത്തത്. നൂറുവർഷത്തിലേറെ മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ ഇടവക. അഞ്ചു ഷെല്ലുകളും രണ്ടു ബോംബുകളും ഇടവക സമുച്ചയത്തിന് നേരെ പ്രയോഗിക്കപ്പെട്ടുവെന്നും, കെട്ടിടങ്ങൾക്ക് തകർച്ചയുണ്ടായിട്ടുണ്ടെന്നും, ഇടവകയിൽ സേവനം ചെയ്യുന്ന ഫാ. വിൽബെർട്ട് മിരെഹ് എന്ന ജെസ്യൂട്ട് വൈദികന്‍ പറഞ്ഞു.

ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് പലപ്പോഴും മരങ്ങൾക്ക് കീഴിൽ തുറസ്സായ സ്ഥലങ്ങളിലാണ്. ദേവാലയവും ആക്രമിക്കപ്പെട്ടതിനാൽ അവിടെ വിശ്വാസികൾ ഒത്തുചേരുന്നത് അപകടകരമാണ്. എന്നാൽ ജനങ്ങളുടെ വിശ്വാസവും ആത്മധൈര്യവും ഇനിയും നഷ്ടപ്പെട്ടിട്ടില്ല. അതേസമയം ആക്രമണത്തില്‍ ആളുകൾക്കാർക്കും പരിക്കേറ്റില്ലെന്നും ഫാ. വിൽബെർട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സായുധസംഘത്തിന്റെ വെടിയേറ്റ് വൈദികന്‍ കൊല്ലപ്പെട്ടിരിന്നു.

ദീർഘനാളുകളായി കച്ചിൻ സംസ്ഥാനത്ത്, പ്രാദേശിക ഗ്രൂപ്പുകളും സൈന്യവുമായി ശക്തമായ പോരാട്ടം നടന്നുവരികയാണ്. രാജ്യത്തെ സൈനിക ഭരണകൂടത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനിൽക്കുന്ന കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (KIA) എന്ന വംശീയഗ്രൂപ്പ് സ്വയം നിർണ്ണയാവകാശത്തിനായാണ് പോരാടുന്നത്. ബാൻമാവ് പ്രദേശമുൾപ്പെടെ കച്ചിൻ സംസ്ഥാനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ഉറപ്പാക്കുന്നതിനുവേണ്ടി സൈന്യം തുടരുന്ന ആക്രമണങ്ങൾ മൂലം പ്രദേശത്തുനിന്നുള്ള ആയിരങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായി. ബാൻമാവ് രൂപതയിലെ പതിമൂന്ന് ഇടവകളിൽ ഒൻപതെണ്ണത്തെയും ആക്രമണങ്ങൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »