News - 2025
എക്സ് റേയില്‍ പുരോഗതി; മാർപാപ്പയുടെ തുർക്കി യാത്ര സംബന്ധിച്ച അഭ്യൂഹം നിഷേധിച്ച് വത്തിക്കാൻ
പ്രവാചകശബ്ദം 13-03-2025 - Thursday
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതിയെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്സ് റേയില്‍ പാപ്പയ്ക്കു നേരിയ പുരോഗതിയുണ്ടെന്നു വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ആകെയുള്ള അവസ്ഥ സങ്കീർണ്ണം തന്നെയാണെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വിതരണം ചെയ്ത മെഡിക്കൽ ബുള്ളറ്റിനില്‍ വ്യക്തമാക്കി. മാര്‍പാപ്പയ്ക്ക് രാവും പകലും ഓക്സിജൻ പിന്തുണ നല്‍കുന്നത് തുടരുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. അതേസമയം പാപ്പയുടെ തുര്‍ക്കി സന്ദര്‍ശനത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് വത്തിക്കാന്‍ രംഗത്തുവന്നു.
മെയ് മാസത്തിൽ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികത്തിനായി ഫ്രാൻസിസ് മാർപാപ്പ തുർക്കി സന്ദർശിക്കാൻ പദ്ധതിയിടുന്നതായി എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്‍ പറഞ്ഞിരിന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരണം നടത്തിയിരിക്കുന്നത്. സന്ദർശനം പരിഗണനയിലുണ്ടെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റോമൻ കൂരിയയ്ക്കു വേണ്ടിയുള്ള ധ്യാനത്തില്‍ പാപ്പ ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. ധ്യാന ദിവസങ്ങള്‍ ആയതിനാല്‍ പാപ്പ മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലായെന്നും വത്തിക്കാന്‍ അറിയിച്ചു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
