News
വിശുദ്ധ മാക്സിമില്യണ്‍ കോള്‍ബെയുടെ ആനിമേറ്റഡ് സിനിമ കൊളംബിയന്‍ തീയേറ്ററുകളിലേക്ക്
പ്രവാചകശബ്ദം 13-03-2025 - Thursday
ബൊഗോട്ട: നാസികളുടെ തടങ്കല്‍പ്പാളയത്തില്‍വെച്ച് അപരന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പോളിഷ് വൈദികനായ വിശുദ്ധ മാക്സിമില്യണ്‍ മരിയ കോള്‍ബെയുടെ ജീവിതക്കഥ പറയുന്ന ആനിമേറ്റഡ് സിനിമ ‘മാക്സ്’ കൊളംബിയന്‍ തീയേറ്ററുകളിലേക്ക്. ഏപ്രില്‍ 17 മുതല്‍ കൊളംബിയയിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നിര്‍മ്മാണ കമ്പനിയായ ‘ഡോസ് കോറാസോണ്‍സ് പ്രൊഡക്ഷന്‍ ഹൗസ്’ ആണ് സിനിമ ഒരുക്കുന്നത്. സാധാരണ ഫോര്‍മാറ്റിലും, ത്രീഡി ഫോര്‍മാറ്റിലും ഈ സിനിമ തീയേറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കത്തോലിക്ക പ്രമേയാധിഷ്ഠിത സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രസിദ്ധനായ മെക്സിക്കന്‍ നിര്‍മ്മാതാവും, ‘ക്രിസ്റ്റിയാഡ’, ‘എല്‍ ഗ്രാന്‍ മിലാഗ്രോ’, ‘ഗ്വാഡലൂപെ ആന്‍ഡ് കരോള്‍’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവുമായ പാബ്ലോ ജോസ് ബാരോസൊ പോലെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ശ്രമങ്ങളുടെ ഫലമാണ് ‘മാക്സ്’. ഹെര്‍ക്കൂലീസ്, പോക്കാഹോണ്ടാസ് പോലെയുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബ്രൂസ് മോറിസാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുന്‍കോപിയായ ഗുണ്ടര്‍ എന്ന്‍ പേരുള്ള പ്രായമായ മനുഷ്യനും, ആരേയും കൂസാക്കാത്ത ഡിജെ എന്ന കൗമാരക്കാരന്റെയും സുഹൃദ്ബന്ധത്തില്‍ നിന്നുമാണ് കഥയുടെ ചുരുളഴിയുന്നത്. നാസി തടങ്കല്‍പ്പാളയത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവന് പകരം തന്റെ ജീവന്‍ നല്‍കുവാന്‍ തയ്യാറായ വിശുദ്ധ മാക്സിമില്യണിന്റെ പരിധിയില്ലാത്ത സ്നേഹത്തേ കേന്ദ്രമാക്കി ഗുണ്ടര്‍ കൗമാരക്കാരന് ജീവിത പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.
വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ ആരായിരിന്നു?
1894 ജനുവരി 8-ന് ലോഡ്സിന് സമീപമുള്ള ഡൂണ്‍സ്കാവോളയിലാണ് രാജ്മുണ്ട് കോള്‍ബെ എന്ന വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ ജനിച്ചത്. 1910-ല്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ സമൂഹത്തില്‍ ചേര്‍ന്നു. റോമിലെ പഠനത്തിനിടക്കാണ് കോള്‍ബെ കന്യകാമറിയത്തോടുള്ള ആദരസൂചകമായി ‘മിലീഷ്യ ഇമ്മാക്കുലേറ്റ്’ എന്ന അമലോല്‍ഭവ സൈന്യത്തിന് രൂപം കൊടുക്കുന്നത്. ക്രാക്കോവില്‍ തിരിച്ചെത്തിയ കോള്‍ബെ മരിയന്‍ പടയാളി എന്ന മാഗസിനും പുറത്തിറക്കുകയും റേഡിയോ നിലയം സ്ഥാപിക്കുകയും ചെയ്തു.
1941-ലാണ് വിശുദ്ധന്‍ ഓഷ്വിറ്റ്‌സ് തടവറയില്‍ അടക്കപ്പെടുന്നത്. തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടതിന് പകരമായി പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ ജയിലധികൃതര്‍ തീരുമാനിച്ചു. ആ ലിസ്റ്റില്‍പ്പെട്ട ഗജോണിഷെക് എന്നയാൾക്കു പകരം വിശുദ്ധന്‍ മരിക്കാൻ തയ്യാറായി. അങ്ങനെ വിശുദ്ധന്‍ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പട്ടിണിക്കിട്ടിട്ടും മരിക്കാത്തതിനാല്‍ ഫാ. മാക്സിമില്യണെ മാരക വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. 1971 ഒക്ടോബർ 17ന് പോൾ ആറാമൻ മാർപാപ്പ ഫാ. മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടോബർ 10ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
