News

രോഗമുക്തിക്കായി വത്തിക്കാനില്‍ ബലിയര്‍പ്പണം; ആശുപത്രിയില്‍ കേക്ക് മുറിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 15-03-2025 - Saturday

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് റോമിലെ ജെമെല്ലി ആശുപത്രിമുറിയിൽ ഡോക്‌ടർമാർക്കും നേഴ്സു‌മാർക്കുമൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഫ്രാൻസിസ് പാപ്പ. വ്യാഴാഴ്ച വൈകുന്നേരം കേക്കും കത്തിച്ച മെഴുകുതിരികളുമായി മാർപാപ്പയ്ക്കരികിൽ എത്തിയ ഡോക്ടർമാർ ദിനത്തിന്റെ പ്രത്യേകത മാർപാപ്പയെ അറിയിക്കുകയായിരുന്നു. തുടർന്ന് കേക്ക് മുറിക്കുകയും ആശുപത്രി ജീവനക്കാർ മംഗളഗാനം ആലപിക്കുകയും ചെയ്തു. മാർപാപ്പയ്ക്ക് വിവിധ ലോകനേതാക്കളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മെത്രാൻ സമിതികളും വിവിധ സംഘടനകളും ആശംസ സന്ദേശങ്ങൾ അയച്ചിരുന്നു.

ഇന്നലെ രാവിലെ മാർപാപ്പയുടെ രോഗമുക്തിക്കായി വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. പരിശുദ്ധ പിതാവിന്റെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം ഉടൻ സുഖം പ്രാപിച്ച് നമ്മുടെ ഇടയിൽ തിരിച്ചെത്തട്ടെ എന്ന ആഗ്രഹത്തോടെയാണ് രാവിലെ നാം പ്രാർത്ഥനയിൽ ഒത്തുകൂടുന്നതെന്ന് കർദ്ദിനാൾ സന്ദേശത്തില്‍ ആമുഖമായി പറഞ്ഞു. നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് സമർപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം, അവിടുത്തെ വചനത്തിന് തുറന്ന ഒരു ഹൃദയം സമർപ്പിക്കുക എന്നതാണെന്നും കർദ്ദിനാൾ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 14നാണ് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ ഒരു മാസത്തോളമായിട്ടും ആരോഗ്യനിലയില്‍ പൊടുന്നനെ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ബ്രോങ്കൈറ്റിസും ബൈലാറ്ററല്‍ ന്യുമോണിയയും ബാധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഇപ്പോഴും സങ്കീർണ്ണമാണ്. മുന്‍ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ പുരോഗതിയുണ്ട്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പയ്ക്കു വത്തിക്കാനിലേക്ക് ലഭിക്കുന്ന കത്തുകളുടെ എണ്ണത്തിൽ വന്‍ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇറ്റാലിയൻ തപാൽ വിഭാഗം അറിയിച്ചു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »