News - 2025

വത്തിക്കാനില്‍ നോമ്പുകാല പ്രഭാഷണ പരമ്പര മാർച്ച് 21ന് ആരംഭിക്കും

പ്രവാചകശബ്ദം 18-03-2025 - Tuesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിനു മുന്നോടിയായി, വത്തിക്കാനിൽ നടത്തുന്ന ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര ഈ വരുന്ന ഇരുപത്തിയൊന്നാം തീയതി ആരംഭിക്കും. പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റോബെർട്ടോ പസോളിനിയാണ് നാല് വാരങ്ങൾ നീണ്ടു നില്ക്കുന്ന പരമ്പരയിൽ ചിന്തകൾ പങ്കുവയ്ക്കുന്നത്. എല്ലാ ആഴ്ച്ചയും വെള്ളിയാഴ്ചയാണ് നോമ്പുകാല ചിന്തകളുമായി പ്രഭാഷണം നടക്കുക. "ക്രിസ്തുവിൽ നങ്കൂരമുറപ്പിച്ചുകൊണ്ട്, നവജീവിതത്തിലുള്ള പ്രത്യാശയിൽ വേരൂന്നിയതും സ്ഥാപിതമായതും" എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ടായിരിക്കും നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പരയ്ക്കു തുടക്കമാകുകയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശുദ്ധ വാരത്തിന് മുന്‍പുള്ള നാല് വെള്ളിയാഴ്ചകളിൽ, ഇറ്റാലിയൻ സമയം രാവിലെ ഒൻപതു മണിക്കാണ് പ്രഭാഷണം നടത്തുന്നത്. ഏപ്രിൽ 4 ന് ഒഴികെ, മറ്റു ദിവസങ്ങളിൽ വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വച്ചാണ് ധ്യാനം നടക്കുക. ഇരുപത്തിയൊന്നാം തീയതിയുള്ള പ്രഭാഷണത്തില്‍, "സ്വീകരിക്കാൻ പഠിക്കുക - ജ്ഞാനസ്നാനത്തിന്റെ യുക്തി" എന്ന വിഷയവും, മാർച്ച് 28ന് " മറ്റൊരിടത്തേക്കുള്ള യാത്ര - ആത്മാവിലുള്ള സ്വാതന്ത്ര്യം" എന്ന വിഷയത്തെക്കുറിച്ചും, ഏപ്രിൽ 4-ന് "പുനരുത്ഥാനത്തിന്റെ സന്തോഷം" എന്നതും, അവസാന വെള്ളിയാഴ്ച, ഏപ്രിൽ പതിനൊന്നാം തീയതി, "സ്വർഗ്ഗാരോഹണത്തിന്റെ ഉത്തരവാദിത്തം" എന്ന വിഷയത്തെയും ആസ്പദമാക്കിയാണ് ചിന്തകൾ പങ്കുവയ്ക്കുന്നത്.

ബൈബിൾ പണ്ഡിതനും, ബൈബിളിലെ ആത്മീയതയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവുമായ ഫാ. റൊബെർത്തോ പസോളിനി ഇറ്റലിയിലെ മിലാൻ വംശജനാണ്. 1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയുടെ പിൻഗാമിയായാണ് ഫാ. റോബെർട്ടോയെ കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. മാർപാപ്പയോട് പ്രസംഗിക്കാൻ അനുവദിക്കപ്പെട്ട ഒരേയൊരു വൈദികന്‍ കൂടിയാണ് അദ്ദേഹം. 'പരമാചാര്യന്റെ പ്രഭാഷകന്‍' എന്നും പേപ്പല്‍ പ്രഭാഷകന്‍ അറിയപ്പെടുന്നുണ്ട്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »