News - 2025

യേശുവിന്റെ തിരുരക്തത്താല്‍ ട്രംപിനെ ആവരണം ചെയ്യണമേ; യു‌എസ് പ്രസിഡന്‍റിന്റെ ഓഫീസില്‍ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 21-03-2025 - Friday

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ജോലിസ്ഥലമായ വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രാര്‍ത്ഥന നടന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്രംപിന്റെ ദീർഘകാല ആത്മീയ ഉപദേഷ്ടാവായ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സീനിയർ അഡ്വൈസർ പോള വൈറ്റ്-കെയ്‌നിന്റെ നേതൃത്വത്തിൽ, ക്രൈസ്തവ നേതാക്കൾ ബുധനാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രാര്‍ത്ഥന നടത്തുകയായിരിന്നു. പ്രസിഡന്‍റ് കസേരയില്‍ ഇരിക്കുന്നതും ക്രൈസ്തവ നേതാക്കള്‍ സമീപത്ത് നിന്നു പ്രാര്‍ത്ഥിക്കുന്നതിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നന്ദിയോടും വിനയത്തോടും കൂടി ഞങ്ങൾ പ്രസിഡന്റ് ട്രംപിനുവേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങാണ് അദ്ദേഹത്തെ നിയോഗിച്ചത്, നിയമിച്ചത്. ഇതുപോലുള്ള ഒരു സമയത്തേക്ക് അങ്ങ് അദ്ദേഹത്തെ അഭിഷേകം ചെയ്തു. നീതിയുടെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ യേശുവിന്റെ രക്തത്താൽ പ്രസിഡന്റിനെ മൂടി ശക്തിപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു- ഇതായിരിന്നു ആമുഖ പ്രാര്‍ത്ഥന. ഈ സമയത്ത് പ്രസിഡന്‍ഷ്യല്‍ കസേരയില്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥനാനിരതനായിരിന്നു ട്രംപ്.



നാഷണൽ ഹിസ്പാനിക് ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറന്‍സ് കൂട്ടായ്മയിലെ സാമുവൽ റോഡ്രിഗസ്, ഡാളസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ റോബർട്ട് ജെഫ്രെസ്, അലബാമ ആസ്ഥാനമായുള്ള മൾട്ടി-കാമ്പസ് പാത്ത്‌വേ ചർച്ചിലെ ട്രാവിസ് ജോൺസൺ, വാൾബിൽഡേഴ്‌സിലെ ഡേവിഡ് ബാർട്ടൺ, മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ദീർഘകാല സോഷ്യൽ കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ഗാരി ബോവർ, സെന്റർ ഫോർ ബാപ്റ്റിസ്റ്റ് ലീഡർഷിപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വില്യം വോൾഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കായി.

ട്രംപിന്റെ ഭരണകൂടത്തെ പ്രതീക്ഷയോടെയാണ് ഇവാഞ്ചലിക്കല്‍ ക്രൈസ്തവരുള്‍പ്പെടെയുള്ളവര്‍ നോക്കികാണുന്നത്. കഴിഞ്ഞ മാസം ആദ്യ വാരത്തില്‍ നടന്ന നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റിലെ പ്രസംഗത്തിനിടെ ട്രംപ് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരിന്നു. ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെൻ്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുമെന്നും അന്നു ട്രംപ് പ്രഖ്യാപിച്ചിരിന്നു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »