News
പാക്കിസ്ഥാനിൽ ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവിന് ക്രൂരമര്‍ദ്ദനം
പ്രവാചകശബ്ദം 29-03-2025 - Saturday
ലാഹോര്‍: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. പഞ്ചാബിലെ ഷെയ്ഖുപുരയിലുള്ള സുഭാൻ പേപ്പർ മിൽസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന 22 വയസ്സുള്ള വഖാസ് മാസിഹ് എന്ന ക്രിസ്ത്യൻ യുവാവാണ് ദാരുണമായ രീതിയിലുള്ള പീഡനത്തിന് ഇരയായത്. ഫാക്ടറിയിലെ സൂപ്പർവൈസർ സൊഹൈബ് ക്രൂരമായി ആക്രമിക്കുകയായിരിന്നു. മാർച്ച് 22നാണ് സംഭവം നടന്നത്. രാജ്യത്തു നിലനിൽക്കുന്ന മതപരമായ അസഹിഷ്ണുതയെ തുറന്നുക്കാണിക്കുന്നതാണ് ഈ അക്രമ സംഭവം. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള സൊഹൈബിന്റെ സമ്മര്‍ദ്ധത്തിന് വഖാസ് വണങ്ങാത്തതാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വഖാസ് ലാഹോറിലെ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, എഫ്‌ഐആർ ഫയൽ ചെയ്ത പോലീസ് സൊഹൈബിനെ അറസ്റ്റ് ചെയ്തു.കൊലപാതക ശ്രമമായി രജിസ്റ്റർ ചെയ്ത കേസില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. പാക്കിസ്ഥാനിലെ കപ്പൂച്ചിൻ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ലാസർ അസ്ലം, വഖാസ് മാസിഹിനെ ആശുപത്രിയിൽ സന്ദർശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വഖാസ് മാസിഹിനെതിരായ ആക്രമണം രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളി തുറന്നുക്കാണിക്കുന്നതാണെന്നും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സാമൂഹിക മാറ്റത്തിന്റെ അടിയന്തിര ആവശ്യത്തിലേക്ക് ഇത് ശ്രദ്ധ ക്ഷണിക്കുകയാണെന്നും ഫാ. ലാസർ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു.
ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാനും പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ ബുദ്ധിമുട്ടുള്ള സാഹചര്യത്തെക്കുറിച്ച് അവബോധം വളർത്താനും, അവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
