News - 2025

ഞങ്ങളെ സഹായിക്കണം; യാചനയുമായി മ്യാൻമർ ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 31-03-2025 - Monday

നയ്പീഡോ: മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം രാജ്യങ്ങളെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ സഹായം യാചിച്ച് മ്യാൻമർ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് ബോ. ഭക്ഷണം, പാർപ്പിടം, മരുന്ന്, മറ്റ് എല്ലാ സുപ്രധാന വസ്തുക്കളും ഉള്‍പ്പെടെ ജനത്തിന് എല്ലാം ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. 7.7 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന്, മ്യാൻമറിൽ ഇതുവരെ 1700 ൽ അധികം പേർ മരിക്കുകയും മൂവായിരത്തില്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. മറ്റ് വസ്തുകളെക്കാള്‍ ഉപരി രാജ്യത്തിന് സമാധാനമാണ് ആവശ്യമെന്നും യാങ്കൂണിലെ ആർച്ച് ബിഷപ്പ് കൂടിയായ ചാൾസ് ബോ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതിന് ഞങ്ങൾ സാക്ഷികളായി. ആളുകൾ സുരക്ഷയ്ക്കായി ഓടുകയായിരുന്നു. എല്ലാവർക്കും അത് ഭയാനകമായ ഒരു നിമിഷമായിരുന്നു. അടിയന്തര മാനുഷിക പിന്തുണ നൽകാനും, ദുരിതബാധിത ജനവിഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കാനും, വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവര്‍ ശത്രുത അവസാനിപ്പിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സായുധ സംഘങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിയില്‍ സഹായ വിതരണം തടസ്സപ്പെടുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ മണ്ടാലേയിൽ തുടങ്ങി, രാജ്യമെമ്പാടും ദുരിതബാധിത മേഖലകളില്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് സഹായം ലഭ്യമാക്കുന്നുണ്ടെന്ന് കർദ്ദിനാൾ വ്യക്തമാക്കി. ദുരിതബാധിതരോടുള്ള സ്നേഹവും അടുപ്പവും അദ്ദേഹം പ്രകടിപ്പിച്ചു. നിങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. ഈ ദുഃഖ നിമിഷത്തിൽ നിങ്ങളുടെ മുറിവുകൾ ഉണക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും. ഈ പ്രതിസന്ധിയെയും നമ്മള്‍ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.50ന് ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 10,000 കടന്നേക്കുമെന്നുമാണു യുഎസ് ജിയോളജിക്കൽ സർവീസ് നൽകുന്ന സൂചന. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽനിന്നും വ്യാപകമായ ദുർഗന്ധം വമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.


Related Articles »