News - 2025
ജബൽപൂരില്‍ വൈദികര്‍ക്കും ക്രൈസ്തവര്‍ക്കും നേരെയുണ്ടായ അക്രമത്തെ അപലപിച്ച് സിബിസിഐ
പ്രവാചകശബ്ദം 02-04-2025 - Wednesday
ന്യൂഡൽഹി: ജബൽപുരിലെ അക്രമത്തെ സിബിസിഐ അപലപിച്ചു. സ്വാതന്ത്ര്യസ മരത്തിലും രാഷ്ട്രനിർമാണത്തിലും നിർണായകപങ്കു വഹിച്ച ക്രൈസ്‌തവസമൂഹം നിരന്തരമായി അക്രമം നേരിടുകയാണെന്ന് സിബിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു, സഹമ ന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്തവ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മധ്യപ്രദേശ് സർക്കാർ ഇത്തരം രാജ്യവിരുദ്ധ ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്രമം അരങ്ങേറിയത്. 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്‌ല ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബൽപൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രകോപിതരായി കയ്യേറ്റം ചെയ്യുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസ്സപ്പെടുത്തി ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു.
ഇതോടെ വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെട്ടു. കുറച്ച് സമയത്തിനുശേഷം വിശ്വാസികളെ പോലീസ് വിട്ടയച്ചെങ്കിലും വീണ്ടും മറ്റൊരിടത്ത് തടയുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ജബൽപൂർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജും വിശ്വാസികൾക്ക് സഹായവുമായി എത്തി. എന്നാൽ ഒരുകുട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ വൈദികരെയും വിശ്വാസികളെയും പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ മർദ്ദിക്കുകയായിരിന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
