News - 2025

അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവിയുടെ ആക്രമണം

പ്രവാചകശബ്ദം 03-04-2025 - Thursday

ദോഹുക്ക്: വടക്കൻ ഇറാഖിലെ സ്വയംഭരണ മേഖലയായ കുർദിസ്ഥാനില്‍ അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള തീവ്രവാദിയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 1 ചൊവ്വാഴ്ചയാണ് ദോഹുക്ക് നഗരത്തില്‍ ആഘോഷത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണമുണ്ടായത്. ആക്രമണകാരി സിറിയക്കാരനാണെന്നും ഐഎസിന്റെ തീവ്രവാദ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്നും കുർദിഷ് അധികൃതർ പറഞ്ഞു.

ആക്രമണകാരി ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തിയതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 1നു അസീറിയൻ സമൂഹത്തിലെ അംഗങ്ങൾ കലണ്ടർ വർഷത്തിലെ ആദ്യ ദിനം ഒന്നിച്ചുചേര്‍ന്ന അകിതു വസന്തകാല ആഘോഷങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്നു 65 വയസ്സുള്ള ഒരു സ്ത്രീയുടെ തലയിൽ രക്തസ്രാവം ഉണ്ടായി. 25 വയസ്സുള്ള മറ്റൊരു പുരുഷന് തലയോട്ടിയിൽ മുറിവേറ്റു. പ്രതിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം തുടരുകയാണെന്നും ദോഹുക്ക് ഗവർണർ അലി ടാറ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു.

അധിനിവേശങ്ങളും ആക്രമങ്ങളും മൂലം ക്രൈസ്തവരുടെ ജീവിതം താറുമാറായ ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ 1.5 ദശലക്ഷത്തിൽ നിന്ന് 400,000 ആയി കുറഞ്ഞിരിന്നു. ഭൂരിഭാഗം ക്രൈസ്തവരും രാജ്യത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളെ തുടര്‍ന്നു അവിടെ നിന്ന് പലായനം ചെയ്തു. വടക്കൻ ഇറാഖിലെ മൊസൂൾ നഗരം കീഴടക്കി അതിനെ തലസ്ഥാനമാക്കി മാറ്റിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ 2014ലെ നടപടി ലക്ഷങ്ങളുടെ പലായനത്തിലേക്ക് നയിച്ചിരിന്നു. ഐ‌എസിന്റെ പതന ശേഷം ക്രൈസ്തവര്‍ ജീവിതം തിരികെ പിടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐ‌എസ് അനുഭാവിയായ തീവ്രവാദിയുടെ ആക്രമണമെന്നത് ശ്രദ്ധേയമാണ്.


Related Articles »