News - 2025

ഇന്ത്യൻ വംശജനായ കത്തോലിക്ക വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

പ്രവാചകശബ്ദം 04-04-2025 - Friday

സെനെക്ക, കൻസാസ്: ഇന്ത്യൻ വംശജനായ കത്തോലിക്ക വൈദികന്‍ അമേരിക്കന്‍ സംസ്ഥാനമായ കൻസാസില്‍ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ഫാ. അരുൾ കരസാലയാണ് ഇന്നലെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കൻസാസിലെ സെനെക്കയിലുള്ള സെന്റ് പീറ്റർ & പോൾ കത്തോലിക്ക ദേവാലയത്തോട് അനുബന്ധിച്ചുള്ള റെക്ടറിയില്‍ വെടിയേറ്റ് മരിച്ചത്. കൻസാസിലെ സെന്റ് മേരീസിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദേവാലയം വൈദികന്റെ മരണം സ്ഥിരീകരിച്ചു. വിശദാംശങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് സൂചന.

ഫാ. കരസാലയുടെ മരണത്തിൽ കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാ. അരുളിന്റെ ദാരുണമായ മരണവാർത്ത പങ്കുവെക്കുന്നതിൽ ഹൃദയംഭേദകമായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത് വർഷത്തിലേറെയായി അതിരൂപതയെ വിശ്വസ്തതയോടെ സേവിച്ച അർപ്പണബോധമുള്ള തീക്ഷ്ണതയുള്ള വൈദികനായിരുന്നു ഫാ. കരസാലയെന്ന് ആർച്ച് ബിഷപ്പ് അനുസ്മരിച്ചു. വൈദികനെ അനുസ്മരിച്ച് ആർച്ച് ബിഷപ്പ് നൗമാൻ ദിവ്യബലിയും അര്‍പ്പിച്ചു. ഫാ. അരുൾ കരസാലയുടെ മരണ വാര്‍ത്തയില്‍ കൻസാസ് സ്പീക്കർ ഡാൻ ഹോക്കിൻസ് ദുഃഖം പ്രകടിപ്പിച്ചു.

1994-ൽ തെലങ്കാനയിലെ കടപ്പ രൂപത വൈദികനായി അഭിഷിക്തനായ ഫാ. കരസാല, ഹൈദരാബാദ് സ്വദേശിയായിരിന്നു. ആർച്ച് ബിഷപ്പ് ജെയിംസ് പി. കെലെഹറിന്റെ ക്ഷണപ്രകാരം 2004ൽ അദ്ദേഹം അമേരിക്കയിലെ കൻസാസിലേക്ക് താമസം മാറി. 2011 ൽ യുഎസ് പൗരത്വം സ്വീകരിച്ചു. വർഷങ്ങളായി, ഒനാഗയിലെ സെന്റ് വിൻസെന്റ് ഡി പോൾ, കോർണിംഗിലെ സെന്റ് പാട്രിക് എന്നിവയുൾപ്പെടെ കൻസാസില്‍ നിരവധി ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു.


Related Articles »