India - 2025

സീറോ മലബാർ സഭയില്‍ സമുദായ ശക്തീകരണം അനിവാര്യം: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 07-04-2025 - Monday

പാലയൂർ: ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നു സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. 28-ാം പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായിനടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തട്ടിൽ.

എന്തിനാണ് നമ്മൾ ഇത്രയും പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്? ഇത്രയുമധികം ആശുപത്രികൾ മറ്റാർക്കാണ് ഉള്ളത്? വൃദ്ധജനങ്ങൾ, ആരോരുമില്ലാത്തവർ തുടങ്ങിയവരെ സംരക്ഷിക്കുന്നത് നമ്മുടെ സമുദായമാണ്. ക്രിസ്തീയത ജീവിക്കുന്നതു പള്ളിക്കകത്തു മാത്രമല്ല, പുറത്തുള്ള സഹോദരങ്ങൾക്കു കാരുണ്യത്തിൻ്റെ കരംകൊടുക്കുന്നതും ശുശ്രൂഷയാണ്. ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നും മാർ തട്ടിൽ പറഞ്ഞു.

കത്തോലിക്ക കോൺഗ്രസിനെ സമുദായ സംഘടനയായി മാറ്റേണ്ടത് ആവശ്യമാണെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മഹാതീർത്ഥാടന പൊതു സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജബൽപുരിലും ഒഡീഷയിലും അക്രമങ്ങൾ നടന്നു. ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ പലതരത്തിൽ അക്രമം നേരിടുകയാണ്. ഞങ്ങൾക്കു ഭയമില്ല. ഞങ്ങൾക്ക് യേശുവുണ്ട്. ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. എന്തൊക്കെ വന്നാലും ദൈവം പരിപാലിക്കുമെന്ന വിശ്വാസമുണ്ട് - മാർ താഴത്ത് പറഞ്ഞു.


Related Articles »