India - 2025
മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാം ജന്മദിനം ഇന്ന്
പ്രവാചകശബ്ദം 10-04-2025 - Thursday
പാലാ: പാലാ രൂപത ദ്വിതീയ മെത്രാൻ എമിരിറ്റസ് ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാം ജന്മദിനം ഇന്ന്. രാവിലെ 6.30ന് ബിഷപ്പ് ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് സമീപ ഇടവകകളിൽ നിന്നുള്ള 99 കുട്ടികളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കും. 99-ാം വയസിലേക്കു കടക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിന് പിറന്നാൾ ആശംസകളുമായി ഇന്നലെമുതൽ നിരവധി പേരാണ് ബിഷപ്പ് ഹൗസിൽ എത്തുന്നത്.
1927 ഏപ്രിൽ 10നാണ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ ജനിച്ചത്. ചങ്ങനാശേരി ബെർക്കുമാൻസ് കോളജ്, തൃശിനാപ്പള്ളി സെൻ്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലയോള കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം അദ്ദേഹം ചങ്ങനാശേരി സെ ന്റ് തോമസ് പെറ്റി സെമിനാരിയിൽ ചേർന്നു.തുടർന്ന് മംഗലാപുരം സെൻ്റ ജോസഫ്‌സ് മേജർ സെമിനാരി, റോം എന്നിവിടങ്ങളിൽ പഠിച്ചു. 1958 നവംബർ 23 ന് റോമിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് ഫിലോ സഫിയിൽ ഡോക്ടറേറ്റ് നേടി.
1962 ൽ തിരിച്ചെത്തി വടവാതുർ സെമിനാരിയിൽ പ്രഫസറായി സേവനം ചെയ്തു. 1973 ൽ പാലാ രൂപത സഹായ മെത്രാനായി നിയമിതനായി. 1973 ഓഗസ്റ്റ് 15ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നും മേൽപ്പട്ടം സ്വീകരിച്ചു. മാർ സെബാസ്റ്റ്യൻ വയലിൽ വിരമിച്ചപ്പോൾ പാലാ രൂപത ബിഷപ്പായി 1981 ഫെ ബ്രുവരി ആറിന് നിയമിതനായി. അനുഗ്രഹദായകമായ 23 വർഷത്തെ സേവനത്തി നു ശേഷം 2004 മേയ് രണ്ടിന് രൂപതയുടെ നേതൃത്വം മാർ ജോസഫ് കല്ലറങ്ങാട്ടിന് കൈമാറി.
