News
മ്യാൻമറില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു കത്തോലിക്ക ദേവാലയം കൂടി തകര്‍ന്നു
പ്രവാചകശബ്ദം 11-04-2025 - Friday
ഹഖ: വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ സംസ്ഥാനമായ ചിൻ രൂപതയിലെ ഫലാം പട്ടണത്തിലെ ക്രിസ്തരാജന്റെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയം സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ തകർന്നു. സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്നു വൈദ്യുതിയും ടെലിഫോൺ ലൈനുകളും തടസം നേരിടുന്ന ഹഖ രൂപത പരിധിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയും മറ്റും പൂര്‍ണ്ണമായി തകര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഏകദേശം ആയിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കഠിനാധ്വാനത്തിന്റെ ഫലമായി നിർമ്മിച്ച ദേവാലയമായിരിന്നു നിമിഷ നേരം കൊണ്ട് സൈന്യം തകര്‍ത്തത്.
75 വർഷമായി നിലനിന്നിരുന്ന ചെറിയ ചാപ്പലിന് പകരമായി, കഴിഞ്ഞ വർഷം നവംബറിലാണ് ദേവാലയം കൂദാശ ചെയ്തത്. ആഭ്യന്തരയുദ്ധത്തിനിടയിൽ പ്രാർത്ഥിക്കാനും കൂദാശകളില്‍ പങ്കുചേരാനും തങ്ങള്‍ക്ക് സ്വന്തമായ ഒരു ഇടം എന്ന നിലയിലായിരിന്നു ദേവാലയത്തെ നോക്കികണ്ടിരിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫലാൻ പട്ടണത്തെച്ചൊല്ലി നടന്ന ഏറ്റുമുട്ടലുകളുടെ ഭാഗമായാണ് ഏപ്രിൽ 8-ന് പള്ളിയിൽ ബോംബാക്രമണം നടന്നതെന്ന് സൂചനയുണ്ട്.
പട്ടണം നിയന്ത്രിക്കുന്ന സൈന്യവും, ചിൻ സ്റ്റേറ്റിൽ സൈനിക ഭരണകൂടത്തിനെതിരെ ഉയർന്നുവന്ന പ്രാദേശിക സായുധ സംഘമായ ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) തമ്മിൽ ഒന്‍പത് മാസമായി പോരാട്ടം നടക്കുന്നുണ്ട്. സിഡിഎഫ് പോരാളികൾ പട്ടണം വളഞ്ഞതോടെ കടുത്ത പോരാട്ടത്തിനു സൈന്യം തുടക്കം കുറിക്കുകയായിരിന്നു. ആക്രമണത്തില്‍ നിരവധി വീടുകളും പൊതു കെട്ടിടങ്ങളും ആരാധനാലയങ്ങളും നാമാവശേഷമായി. അടുത്തിടെ രാജ്യത്തു വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തകർന്ന മ്യാൻമറിലെ ഇരകളെ സഹായിക്കുന്നതിനായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. ഇതിനിടെയാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ ദേവാലയം തകര്‍ക്കപ്പെട്ടത്.
മാർച്ച് 16 ഞായറാഴ്ച, വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന് ബാമോയിലുള്ള സെന്റ് പാട്രിക്സ് കത്തീഡ്രല്‍ ദേവാലയം മ്യാൻമർ സൈന്യം അഗ്നിയ്ക്കിരയാക്കിയിരിന്നു. മാർച്ച് മൂന്നാം തീയതി ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലനകേകേന്ദ്രവും സൈന്യം തകർത്തു. ചിൻ സ്റ്റേറ്റിലെ മനുഷ്യാവകാശ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ൽ ആഭ്യന്തരയുദ്ധത്തിനിടെ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ 67 പള്ളികൾ ചിൻ സ്റ്റേറ്റിൽ നശിപ്പിക്കപ്പെട്ടിരിന്നു.
