News
ഓശാന ഞായറാഴ്ച വിശ്വാസി സമൂഹത്തെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 14-04-2025 - Monday
വത്തിക്കാന്‍ സിറ്റി: ക്രിസ്‌തുവിന്റെ ജെറുസലേം പ്രവേശത്തിന്റെ ഓർമ പുതുക്കി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഓശാന ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കായി ഒത്തുകൂടിയ പതിനായിരങ്ങളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഗുരുതരമായി ബാധിച്ച ബൈലാറ്ററല്‍ ന്യുമോണിയയെ തുടര്‍ന്നു 39 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന പാപ്പ ഓശാന തിരുക്കര്‍മ്മങ്ങളുടെ അവസാനത്തിലാണ് വീൽചെയറിൽ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ ബലിവേദിയ്ക്കരികെ എത്തിയത്. "ഹാപ്പി പാം സൺഡേ, വിശുദ്ധ വാരത്തിന്റെ ആരംഭം" ചത്വരത്തില്‍ നിറഞ്ഞുനിന്ന വലിയ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ പരിശുദ്ധ പിതാവ് അൽപ്പം പ്രയാസത്തോടെ പറഞ്ഞു.
സാധാരണഗതിയിൽ ഓശാന ഞായറാഴ്‌ച ഒലിവു ശാഖകളും കുരുത്തോലകളും ആശീർവദിക്കുകയും പ്രദക്ഷിണം നയിക്കുകയും ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്യുന്നത് മാർപാപ്പയായിരുന്നു. എന്നാൽ ഇത്തവണ ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനാല്‍ ഫ്രാൻസിസ് മാർപാപ്പയ്ക്കു പകരമായി പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മുന്‍ അധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദോ സാന്ദ്രിയാണ് മുഖ്യകാർമികത്വം വഹിച്ചത്.
വിശ്വാസികൾക്ക് നല്കുന്നതിനായി രണ്ടുലക്ഷം ഒലിവു ശാഖകൾ ഇറ്റലിയിലെ ഇരുപതു ഭരണപ്രദേശങ്ങളിൽ ഒന്നായ ലാത്സിയൊയില്‍ നിന്നു ലെ ചിത്താ ദെല്ലോലിയൊ ദെൽ ലാത്സിയൊ” (Le Città dell’Olio del Lazio) സംഭാവന ചെയ്തിരിന്നു. ഇന്നലെ നടന്ന തിരുക്കര്‍മ്മങ്ങളില്‍ 36 കർദ്ദിനാളന്മാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമ്മികരായിരുന്നു. 2025 ജൂബിലി വര്‍ഷത്തിലെ വിശുദ്ധവാരമെന്ന നിലയില്‍ ഈ ആഴ്ച ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ വത്തിക്കാനിലെത്തുമെന്നാണ് കരുതുന്നത്.
