India - 2025

കള്ളന്മാരെപോലെ വന്ന് കുരിശ് തകർത്തു, സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതി: മാർ ജോർജ് മഠത്തിക്കണ്ടത്തില്‍

പ്രവാചകശബ്ദം 15-04-2025 - Tuesday

ഇടുക്കി: തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളിയുടെ കീഴിൽ നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകർ തകർത്ത സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തില്‍. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാനുള്ള അനുവാദം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതിയാണെന്നും ബിഷപ്പ് പറഞ്ഞു.

തൊമ്മൻകുത്ത് സെന്‍റ് തോമസ് ദേവാലയത്തിന്റെ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. കുരിശ് മാറ്റാൻ നിയമപരമായി പറയാമായിരുന്നു. അത് ചെയ്‌തില്ല. കുരിശിനെയും വിശ്വാസത്തെയും അവഹേളിക്കുകയായിരുന്നു. കള്ളന്മാരെ പോലെ വന്ന് കുരിശ് തകർത്തു. വിശ്വാസത്തെ അവഹേളിച്ചു. ഇതിൽ വനം വകുപ്പ് എത്രയും വേഗം പരിഹാരമുണ്ടാക്കണം.

വനം വകുപ്പ് പ്രതികാരം ചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വനം വകുപ്പിന് എന്തും ചെയ്യാം. എവിടെയും കയറി ആളുകളെ ഉപദ്രവിക്കാം. സർക്കാരും രാഷ്ട്രീയക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരെ പേടിക്കുകയാണ്. നാട്ടിൽ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ല. പണ്ടൊക്കെ വന്യജീവികളായിരുന്നു വനത്തിലെ പ്രശ്‌നക്കാർ. ഇപ്പോൾ അവരെക്കാൾ ഭയങ്കരൻമാരായി വനം വകുപ്പ് ഉദ്യോഗസ്ഥർ. പട്ടയമില്ലാത്തതെല്ലാം വനഭൂമിയാണെങ്കിൽ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകുമെന്നും മാർ മഠത്തിക്കണ്ടത്തില്‍ ആരോപിച്ചു.


Related Articles »