News - 2025

മുന്‍ യു‌എന്‍ അംബാസഡര്‍ നിക്കി ഹേലിയുടെ മകൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

പ്രവാചകശബ്ദം 16-04-2025 - Wednesday

സൗത്ത് കരോലിന: ഐക്യരാഷ്ട്രസഭയിലെ മുൻ അമേരിക്കൻ അംബാസഡറും മുൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരിന്ന നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. സൗത്ത് കരോലിനയിലെ ഇന്ത്യൻ ലാൻഡിലുള്ള ഔർ ലേഡി ഓഫ് ഗ്രേസ് ഇടവക ദേവാലയത്തില്‍ ഫാ. ജെഫ്രി കിർബിയാണ് നളിനെ കത്തോലിക്ക വിശ്വാസത്തിലേക്ക് സ്വീകരിച്ചത്. മാതാപിതാക്കളെന്ന നിലയിൽ, തങ്ങളുടെ കുട്ടികൾക്ക് ദൈവവുമായി വിശ്വാസവും ബന്ധവും ഉണ്ടാകണമെന്ന് മൈക്കിളും ( ഭര്‍ത്താവ്) താനും എപ്പോഴും പ്രാർത്ഥിച്ചിരുന്നുവെന്ന് നിക്കി ഹേലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.



മകന്റെ വിശ്വാസ യാത്രയിൽ പിന്തുണയ്ക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടായതായും നിക്കി കൂട്ടിച്ചേര്‍ത്തു. ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച നളിൻ കത്തോലിക്ക സഭയിൽ വിശ്വാസസ്ഥിരീകരണം നടത്തി തിരുസഭാംഗമായത്. നിക്കി ഹേലിയുടെ രണ്ട് മക്കളിൽ ഇളയ ആളായ ഇരുപത്തിമൂന്നുകാരനായ നളിൻ കഴിഞ്ഞ വര്‍ഷം കത്തോലിക്കാ സ്ഥാപനമായ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2023ലും 2024ലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ തന്റെ ഉറച്ച സാന്നിധ്യത്തിലൂടെ അമ്മയ്ക്കുള്ള പിന്തുണ നല്‍കി ഈ യുവാവ് ഏറെ ശ്രദ്ധ നേടിയിരിന്നു.



നളിന്‍ കത്തോലിക്ക വിശ്വാസം സ്ഥിരീകരിച്ച കാര്യം ഫാ. ജെഫ്രിയും നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ക്രിസ്തീയ വിശ്വാസത്തിന്റെ പൂർണ്ണതയിലേക്ക് സ്വീകരിക്കപ്പെട്ട വില്യം നളിൻ പീറ്ററിന് അഭിനന്ദനങ്ങൾ! നളിൻ, സ്വഭവനത്തിലേക്ക് സ്വാഗതം!" - എന്ന വാചകത്തോടെ ചിത്രങ്ങള്‍ സഹിതമായിരിന്നു ഫ. കിർബിയുടെ പോസ്റ്റ്. ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹേലി സിഖ് വിശ്വാസത്തിൽ ജനിച്ച വളർന്ന ഒരാളായിരിന്നു. 1996 ൽ ഭർത്താവ് മൈക്കൽ ഹേലിയെ വിവാഹം കഴിച്ച ശേഷം ക്രൈസ്തവ വിശ്വാസം പുല്‍കുകയായിരിന്നു.




Related Articles »