News - 2025
പ്രതിഷേധത്തിന് ഫലം: മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും
പ്രവാചകശബ്ദം 16-04-2025 - Wednesday
തിരുവനന്തപുരം: ആലുവ - മൂന്നാർ രാജപാത തുറക്കുന്നത് സംബന്ധിച്ച് ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ തീരുമാനം. ബിഷപ്പിനെതിരെ കേസെടുത്ത നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിന്നു. കഴിഞ്ഞ മാർച്ച് 16-ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ, മറ്റ് ജനപ്രതിനിധികൾ, വൈദികര്‍, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരിന്നു.
സമരവുമായി ബന്ധപ്പെട്ട് വനം വകുപ്പിൻ്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസും പിൻവലിക്കാൻ വ്യവസായ വകുപ്പുമന്ത്രിയുടെ ചേയ്ബറിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. ആലുവ - മൂന്നാർ രാജപാത സംബന്ധിച്ച നിലവിലുള്ള തർക്കങ്ങളും വസ്തുതകളും പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിന് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്‌മെൻ്റ്) രാജേഷ് രവീന്ദ്രൻ ഐ.എഫ്.എസ്-നെ യോഗം ചൂതമലപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുവാനും യോഗം നിർദ്ദേശിച്ചു.
നേരത്തേ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന ആലുവ- മൂന്നാർ രാജപാതയിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും അന്യായമായി വഴിയടച്ചു യാത്ര തടസപ്പെടുത്തുന്നതിൽ നിന്ന് വനംവകുപ്പ് പിന്മാറണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് മാസത്തില്‍ നടന്ന ജനമുന്നേറ്റ യാത്രയില്‍ മാർ ജോർജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കുകയായിരിന്നു. നാടിന്റെ വികസനത്തിനും വനംവകുപ്പിന്റെ റോഡ് കൈയേറ്റത്തിനുമെതിരേ പ്രതിഷേധസൂചകമായാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചത്. വനംവകുപ്പിന്റെയും വന്യ മൃഗങ്ങളുടെയും ക്രൂരതയും കടന്നുകയറ്റവും മൂലം തങ്ങൾക്ക് അവകാശപ്പെട്ട പട്ടയ ഭൂമിയിൽ സ്വൈരജീവിതം നഷ്‌ടപ്പെട്ട ജനത ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിന്നു.
