News - 2025
അലങ്കാരങ്ങളില്ല, കുരിശും പേരും മാത്രം; ഫ്രാൻസിസ് പാപ്പയുടെ കല്ലറയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു
പ്രവാചകശബ്ദം 27-04-2025 - Sunday
വത്തിക്കാന്‍ സിറ്റി: മൃതസംസ്കാരത്തിന് ശേഷം റോമിലെ സാന്താ മരിയ പള്ളിയിലെ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിന്റെ ചിത്രങ്ങൾ വത്തിക്കാന്‍ ആദ്യമായി പുറത്തുവിട്ടു. തന്റെ മാര്‍പാപ്പ പദവിയിലായിരിന്ന സമയത്ത് അറിയപ്പെട്ടിരുന്ന ഫ്രാന്‍സിസ് എന്ന പേര് മാത്രം വഹിക്കുന്ന കല്ലറയിൽ, ഒരു വെളുത്ത റോസാപ്പൂവുള്ളത് ചിത്രങ്ങളില്‍ ദൃശ്യമാണ്. മുകളില്‍ ഒരു കുരിശുരൂപവും മദ്ധ്യഭാഗത്ത് സ്പോട്ട് ലൈറ്റും പ്രകാശിപ്പിച്ചിട്ടുണ്ട്. മറ്റ് യാതൊരു അലങ്കാരങ്ങളോ കൊത്തുപണികളോ ഒന്നും കല്ലറയിലില്ല. തന്റെ കല്ലറ ലളിതമായിരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കിക്കൊണ്ടാണ് വത്തിക്കാന്‍ കല്ലറ ലളിതമായി ഒരുക്കിയിരിക്കുന്നത്.
ഇറ്റാലിയൻ തലസ്ഥാനത്തെ നാല് പ്രധാന ബസിലിക്കകളിൽ ഒന്നും കർദ്ദിനാളും മാര്‍പാപ്പയും ആയിരുന്ന കാലത്ത് പതിവായി സന്ദർശിക്കാറുണ്ടായിരുന്നതുമായ മേരി മേജര്‍ ബസിലിക്കയിലാണ് ഫ്രാന്‍സിസ് പാപ്പയെ സംസ്ക്കരിച്ചിരിക്കുന്നത്. ഇന്ന് ഞായറാഴ്ച രാവിലെ പള്ളി പൊതുജനങ്ങൾക്കായി തുറന്നതുമുതൽ നിരവധി ആളുകളാണ് ശവകുടീരത്തിന് സമീപം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ലാളിത്യത്തിന്റെ ആള്‍ രൂപമായിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ കല്ലറയ്ക്കരികെ എത്തി പ്രാര്‍ത്ഥിക്കുവാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
