News - 2025
രാജപുരം ദേവാലയവും നിര്‍മ്മാണവും; സോഷ്യല്‍ മീഡിയ പ്രചരണത്തിന് പിന്നിലെ യഥാര്‍ത്ഥ സത്യം
പ്രവാചകശബ്ദം 01-05-2025 - Thursday
രാജപുരം: കാസര്‍ഗോഡ് രാജപുരത്ത് സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദേവാലയം വിശ്വാസികളുടെ തീരുമാനം മറികടന്ന് തകര്‍ത്തതായി പ്രചരണം നടക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത്. വിഷയത്തില്‍ നടന്ന കുപ്രചരണവും യഥാര്‍ത്ഥ വസ്തുതയും തുറന്നുക്കാട്ടി ദേവാലയ നിര്‍മ്മാണ കമ്മറ്റിയാണ് രംഗത്ത് വന്നിരിക്കുന്നത്. തിരുക്കുടുംബ ദേവാലയ പൊതുയോഗത്തിലും തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കും ഇതിനെ തുടര്‍ന്നു എടുത്ത തീരുമാനങ്ങള്‍ക്കും വിരുദ്ധമായി ഏതാനും ചിലരുെട നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില്‍ ഭൂരിഭാഗം വരുന്ന ഇടവക ജനങ്ങളുടെ ആവശ്യമായ പുതിയ പള്ളി എന്ന സ്വപ്നത്തിനു തടയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നു കമ്മറ്റി ചൂണ്ടിക്കാട്ടി. 380 കുടുംബങ്ങളുള്ള രാജപുരം തിരുകുടുംബ ദേവാലയത്തില്‍ 10 കുടുംബങ്ങൾ മാത്രമാണ് യഥാര്‍ത്ഥ വസ്തുത മനസിലാക്കാതെ എതിര്‍പ്പ് ഉയര്‍ത്തുന്നതെന്നും കമ്മറ്റി ഭാരവാഹികള്‍ പറയുന്നു.
പഴയ ദേവാലയം തകര്‍ക്കല്‍?; വസ്തുത ഇങ്ങനെ
തങ്ങൾക്ക് ഒരുമിച്ച് നിന്ന് ആരാധനയർപ്പിക്കാൻ സ്ഥലപരിമിതി ഒരു പ്രശ്നമായപ്പോഴാണ് രാജപുരത്ത് ആദ്യമായി നിർമ്മിച്ച ദേവാലയത്തിന് പകരം 1962-ൽ പുതിയ ദേവാലയം പൂർവ്വപിതാക്കന്മാർ നിർമ്മിച്ചത്. വരും തലമുറയെ ചേർത്ത് നിർത്തി, തലമുറകളായി പരിപാലിച്ച് പോന്ന വിശ്വാസ ജീവിതം നിലനിർത്താൻ, ഇപ്പോഴുള്ള ദൈവാലയത്തിന് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും ഒരു പുതിയ ദേവാലയത്തെക്കുറിച്ച് ചിന്തിക്കുവാൻ പൊതുയോഗത്തെ പ്രേരിപ്പിച്ചത്.
2017 മെയ് 7 ന് ചേർന്ന പൊതുയോഗത്തിൽ ഒരു പുതിയ ദേവാലയത്തിന്റെ സാധ്യത ചർച്ച ചെയ്യപ്പെട്ടുവെങ്കിലും, ദേവാലയ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഒരു പ്രത്യേക പൊതുയോഗം ചേരണമെന്ന് തീരുമാനിച്ചു. 2019 ഏപ്രിൽ 28 ന് ചേർന്ന പൊതുയോഗം ഒരു പുതിയ ദേവാലയ നിർമ്മാണത്തിൻ്റെ സാധ്യതകൾ മുന്നിൽകണ്ട് രൂപത വക സ്ഥലം ഇടവകയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് തീരുമാനിച്ചു. 2019 സെപ്‌തംബർ 15 ന് ചേർന്ന തിരുക്കുടുംബ ദേവാലയ പൊതുയോഗം "പുതിയ ദേവാലയം" എന്ന ആശയം ചർച്ച ചെയ്ത്, മൂന്ന് സാധ്യതകളിൽ എത്തിച്ചേർന്നു.
1. നിലവിലുള്ള ദേവാലയം പുനരുദ്ധരിക്കുക.
2. നിലവിലുള്ള ദേവാലയം നിലനിർത്തി മറ്റൊരു ദേവാലയം നിർമ്മിക്കുക.
3. നിലവിലുള്ള ദേവാലയം മാറ്റി അതേ സ്ഥലത്ത് പുതിയ ദേവാലയം നിർമ്മിക്കുക
ഈ മൂന്ന് സാധ്യതകൾ വിശദമായി പഠിച്ച് പൊതുയോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 11 അംഗ കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. ഈ കമ്മിറ്റി നിരവധി തവണ യോഗം ചേർന്ന് നിർമ്മാണ വിദഗ്‌ധരും, എഞ്ചിനിയർമാരുമായി ചർച്ചനടത്തി, എല്ലാ കൂടാരയോഗങ്ങളിൽനിന്നും സംഘടന ഭാരവാഹികളിൽനിന്നും വ്യക്തികളിൽനിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച് 2020 ജനുവരി 5 ലെ പൊതുയോഗ സമക്ഷം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് നടന്ന പൊതുയോഗ ചർച്ചയിൽ പില്ലറുകളും ബീമുകളും ഇല്ലാതെ നിർമ്മിച്ച നിലവിലുള്ള ദേവാലയം പുനരുദ്ധരിച്ച് സ്ഥലസൗകര്യം വർധിപ്പിക്കുക അസാധ്യമാണെന്ന വിദഗ്ദ്ധ അഭിപ്രായം പരിഗണിച്ചും, രാജപുരം തിരുക്കുടുംബ ദേവാലയം രാജപുരത്ത് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് തന്നെ വേണം എന്ന ഇടവക ജനങ്ങൾക്ക് ആഗ്രഹമുള്ളതിനാലും, പൊതുയോഗ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലുമാണ് പുതിയ ദേവാലയം നമ്മുടെ പൂർവ്വികർ ആരാധനക്ക് കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെ നിർമ്മിക്കാൻ തീരുമാനിച്ചത്.
തുടർന്ന് ഇടവകയിലെ മുതിർന്ന 3 വൈദികരെയും, കൂടാരയോഗങ്ങളിൽനിന്ന് 3 അംഗങ്ങളെ വീതവും, സംഘടനാപ്രതിനിധികളേയും, നോമിനേറ്റഡ് അംഗങ്ങളെയും ഉൾപ്പെടുത്തി 75 അംഗ ജനറൽ ബോഡി രൂപീകരിക്കാനും തീരുമാനിച്ചു. 2020 മാർച്ച് 1 ന് ചേർന്ന ജനറൽ ബോഡി യോഗം കെ ടി മാത്യു കുഴിക്കട്ടിലിനെ ജനറൽ കൺവീനറായും ജിജി കിഴക്കെപുറത്തിനെ സെക്രട്ടറിയായും തെരഞ്ഞെടുത്ത് 9 അംഗ നിർമ്മാണ കമ്മിറ്റിയും 25 അംഗ ഫൈനാൻസ് കമ്മിറ്റിയും രൂപീകരിച്ചു. ഏതാണ്ട് ഒന്നര വർഷത്തോളം ഈ കമ്മിറ്റികൾ, പൊതുയോഗം തങ്ങളെ ഏല്ലിച്ച ഉത്തരവാദിത്വങ്ങൾ നിരന്തരം വിലയിരുത്തി ഇടവകാംഗങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കുകയും, നിർമ്മാണ കമ്മിറ്റി വിവിധ എഞ്ചീനിയർമാരിൽനിന്നും പ്ലാനുകൾ സ്വീകരിച്ച് അതിൽ നിന്നും കുഞ്ഞപ്പൻ മാളിയേക്കൽ നൽകിയ പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്‌തു.
പ്രസ്തുത പ്ലാൻ 2021 ഫെബ്രുവരി 28 ന് ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ അവതരിപ്പിക്കുകയും വിശദമായ പഠനത്തിനും ചർച്ചക്കുമായി 14 കൂടാരയോഗങ്ങളിലുമുള്ള എല്ലാ കുടുംബങ്ങളിലും വാട്സ് ആപ്പിലൂടെ എത്തിക്കുവാനും തുടർന്ന് വരുന്ന കൂടാരയോഗങ്ങളിൽ ചർച്ച ചെയ്ത് ഇടവകാംഗങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പൊതുയോഗ സമക്ഷം അവതരിപ്പിക്കുവാനും തിരുമാനിച്ചു.
പുതിയ ദേവാലയത്തിൻ്റെ പ്ലാനും എസ്റ്റിമേറ്റും 2021 ആഗസ്റ്റ് 20 ന് ചേർന്ന പൊതുയോഗം അംഗീകരിക്കുകയും, രൂപതയുടെയും ഗവണ്മെൻ്റിൻ്റെയും അംഗീകാരത്തിനായി സമർപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. വിവിധ സാമ്പത്തിക സ്രോതസ്സുകളെ ക്കുറിച്ച് ആലോചിക്കാൻ ഫിനാൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിൻ പ്രകാരം, ഫിനാൻസ് കമ്മിറ്റി യോഗം ചേർന്ന് പുതിയ ദേവാലയ നിർമ്മാണത്തിന് ആവശ്യമായ തുക ഇടവകാംഗങ്ങളുടെ സംഭാവനയിൽ നിന്നും, ഇടവകയുടെ ഇതര വരുമാന സ്രോതസ്സിൽ നിന്നും, പ്രവാസികളായ ഇടവകാംഗങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളിൽ നിന്നും, കണ്ടെത്തുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു.
തുടർന്നും കമ്മിറ്റികൾ വിളിച്ചു കുട്ടുകയും അവലോകനങ്ങൾ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്‌തുപോന്നു. അതും പ്രകാരം 2023 ഒക്ടോബർ 29നു പുതിയ പള്ളിയുടെ തറക്കല്ലിടാൻ തീരുമാനിച്ചു. കോട്ടയം, അതിരൂപത സഹായമെത്രാൻ അഭി. മാര്‍ ജോസഫ് പണ്ടാരശ്ശേരിയിൽ അന്നേദിവസം പുതിയ പള്ളിയുടെ കല്ലിടീൽ ചടങ്ങ് നിർവഹിച്ചു. മുൻ പൊതുയോഗ തീരുമാനപ്രകാരം കല്ലിട്ട ഉടൻ പഴയ പള്ളി പൊളിച്ച് പുതിയ പള്ളി പണിയുവാൻ ആരംഭിക്കണം എന്നതായിരുന്നു. എന്നാൽ 2023 ഓഗസ്റ്റ് 31 ന് പള്ളി പൊളിക്കരുത് എന്ന് ആവശ്യവുമായി രണ്ട് വ്യക്തികൾ ഹോസ്‌ദുർഗ് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്‌തു. ആയതിനാൽ പള്ളി പണിയുന്നതിനായി ബുദ്ധിമുട്ടുകൾ നേരിട്ടു.
തുടർന്ന് 2024 ഏപ്രിൽ 8 നു പള്ളി പണിയുന്നതിന് അനുകൂലമായ വിധി കോടതിയിൽ നിന്നും വന്നു. തുടർന്നും പല രീതിയിലുള്ള അനുരഞ്ജന ശ്രമങ്ങൾ, കോടതി, മെത്രാൻമാർ, സമുദായ സംഘടന നേതാക്കൾ തുടങ്ങിയവരിലൂടെ നടത്തിയെങ്കിലും വിരുദ്ധ അഭിപ്രായമുള്ള ഇടവകാംഗങ്ങൾ തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചെയ്തത്. പൊതുയോഗം തെരഞ്ഞെടുത്ത നിർമ്മാണ കമ്മിറ്റി അംഗങ്ങൾ 5 വർഷക്കാലമായി തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടം എന്ന നിലയിൽ നിർമ്മാണ കമ്മിറ്റി എടുത്ത തീരുമാനമാണ് 2025 ഏപ്രിൽ 27 ന് പഴയ ദേവാലയം പൊളിച്ച് മാറ്റുക എന്നത്.
യാഥാർത്ഥ്യങ്ങൾ ഇങ്ങനെയായിരിക്കെ, ഏതാനും ചിലരുടെ നിക്ഷിപ്‌ത താല്പര്യങ്ങളുടെ പേരിൽ ഭൂരിഭാഗം വരുന്ന ഇടവക ജനങ്ങളുടെ ആവശ്യമായ പുതിയ പള്ളി എന്ന സ്വപ്‌നത്തിനു തടയിടാൻ ശ്രമിക്കുന്നത് ഏറെ വേദനാജനകമാണെന്ന് നിർമ്മാണ കമ്മിറ്റി പ്രസ്താവിച്ചു. 380 കുടുംബങ്ങളുള്ള രാജപുരം തിരുകുടുംബ ദേവാലയത്തിലെ 10 കുടുംബങ്ങൾക്ക് വേണ്ടി സ്വപ്നം വേണ്ടെന്നു വയ്ക്കണം എന്നാണോയെന്ന് കമ്മറ്റി ചോദ്യമുയര്‍ത്തി. പൂർവികർ സമ്പത്തായി നൽകിയ ഞങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാൻ ഞങ്ങൾക്ക് പുതിയ ദേവാലയം അനിവാര്യമാണെന്നും അതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുകയാണെന്നും നിർമ്മാണ കമ്മിറ്റി കൺവീനർ ടോമി ഫിലിപ്പ്, ചെയർമാൻ സജി മാത്യു എന്നിവര്‍ പ്രസ്താവിച്ചു.
