Events
ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
ഷൈമോൻ തോട്ടുങ്കൽ 06-05-2025 - Tuesday
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മെയ് 5 തിങ്കളാഴ്ച പ്രസ്റ്റൺ റീജിയണിൻ്റെ ആതിഥേയത്വത്തിൽ ചോർലിയിൽവച്ച് നടന്നു. ആയിരത്തോളം അധ്യാപകർ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയർ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു. രൂപതാ കാറ്റക്കിസം കമ്മീഷൻ നേതൃത്വം നൽകിയ അധ്യാപക സംഗമത്തിന് പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മെയ് 4 ന് ലണ്ടൻ റീജണിൽ വച്ച് നടത്തപ്പെടുന്നതാണ്.
