News - 2025

ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 13-05-2025 - Tuesday

വത്തിക്കാന്‍ സിറ്റി: റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ, ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിനു മുൻപിൽ പുഷ്പം സമർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ പ്രാർത്ഥന നടത്തി. മരിയന്‍ തീർത്ഥാടനകേന്ദ്രമായ ജെനെസാനോയിൽ സന്ദർശനം നടത്തി, പ്രാർത്ഥിച്ചു തിരികെ വത്തിക്കാനിലേക്ക് മടങ്ങിവരവേ ലിയോ പതിനാലാമൻ പാപ്പ,റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന തന്റെ മുൻഗാമി, ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുകയും, പുഷ്പം സമർപ്പിച്ച് പ്രാർത്ഥിക്കുകയുമായിരിന്നു. ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ അമ്മയുടെ അത്ഭുത ചിത്രമായ സാലൂസ് പോപ്പുലി റൊമാനിയുടെ മുൻപിലും പരിശുദ്ധ പിതാവ് പ്രാർത്ഥയോടെ അല്പസമയം നിലകൊണ്ടു.

ലളിതമായ മാർബിളിൽ നിർമിച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിനു മുൻപിൽ, മുട്ടുകുത്തിനിന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചത്. ബസിലിക്കയിൽ ജപമാല ചൊല്ലുന്നതിനായി വന്ന വിശ്വാസികൾ അപ്രതീക്ഷിതമായി എത്തിയ ലെയോ പതിനാലാമന്റെ സന്ദർശനത്തിൽ ആശ്ചര്യഭരിതരായിരിന്നു. പാപ്പയുടെ കടന്നുവരവിൽ സന്തോഷം അറിയിച്ചുകൊണ്ട്, വിശ്വാസികൾ കൈയടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പാപ്പ, കൂടിനിന്ന എല്ലാവരെയും കൈകളുയർത്തി അഭിവാദ്യം ചെയ്തു. കർദ്ദിനാൾ റോളാണ്ടസ് മക്രിനാസും പരിശുദ്ധ പിതാവിനെ അനുഗമിച്ചു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »