News - 2025

ലെയോ പതിനാലാമന്‍ പാപ്പയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ് ഭരണകൂടം

പ്രവാചകശബ്ദം 20-05-2025 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി/ വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ലെയോ പതിനാലാമന്‍ പാപ്പയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. ഇന്നലെ തിങ്കളാഴ്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. കൂടിക്കാഴ്ചയ്ക്കിടെ കൈമാറിയ കത്തിലാണ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തേക്ക് ക്ഷണിച്ചിരിക്കുന്നത്. അമേരിക്കകാരനായ ആദ്യത്തെ മാര്‍പാപ്പയാണ് ലെയോ പതിനാലാമന്‍ പാപ്പ.

അങ്ങേക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, പാപ്പയുടെ സ്ഥാനലബ്ധിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനങ്ങൾ അങ്ങേയറ്റം ആവേശത്തിലാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ വാന്‍സ് പറഞ്ഞിരിന്നു. കൂടിക്കാഴ്ചയുടെ സമാപനത്തിൽ, വൈസ് പ്രസിഡന്‍റ് പാപ്പയ്ക്കു നന്ദി പറയുകയും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. സ്ഥാനാരോഹണ ചടങ്ങിന് എത്തിയ യു‌എസ് പ്രതിനിധി സംഘത്തിന് പാപ്പ നന്ദി അറിയിച്ചു. ഞായറാഴ്ച നടന്ന ലെയോ പാപ്പയുടെ സ്ഥാനാരോഹണ ബലിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും വാൻസിന്റെ ഭാര്യ ഉഷയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഭാര്യ ജീനറ്റും ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരിന്നു.



നേരത്തെ മെയ് 8 ന് ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അഭിനന്ദനം അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരിന്നു. "അദ്ദേഹം ആദ്യത്തെ അമേരിക്കൻ പോപ്പാണെന്ന് തിരിച്ചറിയുന്നത് ഒരു ബഹുമതിയാണ്. എന്തൊരു ആവേശം, നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതി. ലെയോ പതിനാലാമൻ പാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർത്ഥവത്തായ ഒരു നിമിഷമായിരിക്കും!"- എന്നായിരിന്നു ട്രംപിന്റെ പോസ്റ്റ്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »