News - 2025

ലെയോ പാപ്പയുടെ സഹോദരനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്

പ്രവാചകശബ്ദം 21-05-2025 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: ലെയോ പതിനാലാമന്‍ പാപ്പയുടെ മൂത്ത സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനെ യു‌എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. ഇന്നലെ ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് പ്രസിഡന്റിന്റെ പ്രത്യേക സഹായി മാർഗോ മാർട്ടിൻ പറഞ്ഞു. ഇതേ ദിവസം തന്നെ കാപിറ്റോൾ ഹില്ലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ലെയോ പതിനാലാമന്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.



ഇന്നലെ രാത്രി വൈകിയാണ് മാർഗോ മാർട്ടിൻ പാപ്പയുടെ സഹോദരനുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും ഓവൽ ഓഫീസിൽവെച്ച് ലൂയിസ് പ്രെവോസ്റ്റിനെയും ഭാര്യ ഡെബോറയെയും കണ്ടുമുട്ടുന്ന ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. മെയ് 18 ഞായറാഴ്ച ലെയോ പാപ്പയുടെ സ്ഥാനാരോഹണ വിശുദ്ധ കുർബാനയിൽ ഫ്ലോറിഡ നിവാസിയായ ലൂയിസ് വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസിന്റെ അരികിലായിട്ടാണ് നിന്നിരിന്നത്. യുഎസ് നാവികസേനയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ലൂയിസ്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »