News - 2025

പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ഡിജിറ്റൽ പകർപ്പ് തയാറാക്കാന്‍ മൈക്രോസോഫ്റ്റ്

പ്രവാചകശബ്ദം 22-07-2025 - Tuesday

ലോസ് ആഞ്ചലസ്: ആഗോള പ്രസിദ്ധമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ഡിജിറ്റൽ പകർപ്പ് തയാറാക്കാൻ ഒരുങ്ങുന്നു. അമേരിക്കയിലെ ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ്, ഫ്രഞ്ച് സർക്കാരിന്റെ സഹകരണത്തോടെയാണ് ഇതിനു ശ്രമം നടത്തുന്നത്. 862 വർഷം പഴക്കമുള്ള പള്ളിയുടെ ഓരോ ഇഞ്ചും ഡിജിറ്റൽ മാർഗങ്ങളിൽ റെക്കോര്‍ഡ് ചെയ്യുന്നതു ഭാവിതലമുറയ്ക്കടക്കം വലിയ പ്രയോജനം ചെയ്യുമെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ബ്രാഡ് സ്‌മിത്ത് ചൂണ്ടിക്കാട്ടി. പള്ളി നേരിട്ടു സന്ദർശിക്കാൻ കഴിയാത്തവർക്കു ഡിജിറ്റൽ പകർപ്പിന്റെ വിർച്വൽ അനുഭവം സാധ്യമാക്കാം.

വാസ്തുവിദ്യ അടക്കം പള്ളിയെ സംബന്ധിച്ച ഏറ്റവും വലിയ ആധികാരിക രേഖയായിരിക്കും ഡിജിറ്റൽ പകർപ്പെന്ന് നിരീക്ഷിക്കപ്പെടുന്നു. മൈക്രോസോഫ്റ്റ് കമ്പനി കഴിഞ്ഞവർഷം വത്തിക്കാനിലെ സെറ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഡിജിറ്റൽ പകർപ്പ് തയാറാക്കിയിരുന്നു. അഞ്ചു വർഷം മുന്‍പത്തെ അഗ്നിബാധയിൽ വലിയ നാശനഷ്ടമുണ്ടായ നോട്രഡാം പള്ളി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ വർഷം ഡിസംബറിലാണു വീണ്ടും തുറന്നത്.

ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. രാജ്യത്തു ഏറ്റവും കൂടുതൽ സന്ദര്‍ശകരുള്ള സ്മാരക കേന്ദ്രമായി മാറിയിരിക്കുകയാണ് നോട്രഡാം കത്തീഡ്രല്‍ ദേവാലയം. കഴിഞ്ഞ ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്‍ശകരാണ് ദേവാലയത്തില്‍ ഇതിനോടകം സന്ദര്‍ശനം നടത്തിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ഏപ്രില്‍ പതിനഞ്ചിനാണ് ദേവാലയം അഗ്നിയ്ക്കിരയായത്. കത്തിയ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെട്ടിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »