News - 2025

ബൊക്കോ ഹറാമിന്റെ തടവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ വൈദികന് മോചനം

പ്രവാചകശബ്ദം 23-07-2025 - Wednesday

ബോർണോ: ഇസ്ലാമിക ഭീകര സംഘടനയായ ബൊക്കോ ഹറാമിന്റെ തടവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ വൈദികന് ആഴ്ചകള്‍ക്ക് ശേഷം മോചനം. നൈജീരിയൻ സംസ്ഥാനമായ ബോർണോയിലെ മൈദുഗുരി രൂപതയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. അൽഫോൻസസ് അഫീനയ്ക്കാണ് ദീര്‍ഘനാളുകള്‍ക്ക് ശേഷം മോചനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ആറര വർഷത്തോളം അലാസ്കയിലെ ഫെയർബാങ്ക്സ് രൂപതയിൽ സേവനം ചെയ്ത വ്യക്തിയാണ് അദ്ദേഹം.

പിതാവായ ദൈവത്തിന് സ്തുതി, അൽഫോൻസസ് അഫീന പരിക്കേൽക്കാതെ സുരക്ഷിതമായി മോചിക്കപ്പെട്ടു, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നു രൂപത നവമാധ്യമങ്ങളില്‍ കുറിച്ചു. തടവിൽ കഴിയുന്ന നമ്മുടെ മറ്റ് സഹോദരീസഹോദരന്മാർക്കും ഉടൻ സ്വാതന്ത്ര്യം ആസ്വദിക്കാൻ വേണ്ടി ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നത് തുടരാൻ രൂപത വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 21 വരെ 51 ദിവസമാണ് വൈദികന്‍ തീവ്രവാദികളുടെ തടവിൽ കഴിഞ്ഞതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വ്യക്തമാക്കി.

വൈദികന്‍ മോചിതനായെങ്കിലും ദുർബലനും ക്ഷീണിതനുമാണെന്നും മുന്‍പ് ആരോഗ്യവാനായിരിന്നുവെന്നും മൈദുഗുരി ഓക്‌സിലറി ബിഷപ്പ് ജോൺ ബക്കേനി പറഞ്ഞു. അദ്ദേഹത്തിന് വൈദ്യപരിശോധനയും വിശ്രമവും ഒരുക്കുന്നുണ്ടെന്നും കുടുംബവുമായി വീണ്ടും ഒന്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സജീവമായ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബൊക്കോഹറാമിന്റെ വിവിധ തരത്തിലുള്ള ചൂഷണത്തിന് ഇരകളായിരിന്നവരെ സഹായിച്ചിരിന്ന വൈദികനായിരിന്നു ഫാ. അൽഫോൻസസ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »