News - 2025

പ്രത്യാശയുടെ ജൂബിലി തീർത്ഥാടനത്തിന് ജയില്‍പുള്ളികളും; സ്വീകരിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 08-08-2025 - Friday

റോം: ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിച്ചേർന്ന വെനീസിലെ മേരി മേജർ തടവറയിലുള്ള അന്തേവാസികളെ വത്തിക്കാനിൽ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. വെനീസ് പാത്രിയാർക്കീസും തടവറയുടെ ചാപ്ലെയിനുമായ ആർച്ചുബിഷപ്പ് ഫ്രാഞ്ചെസ്‌കോ മൊറാല്യ ഉള്‍പ്പെടെയുള്ളവര്‍ തടവറ സംഘത്തെ അനുഗമിച്ചിരിന്നു. ഇന്നലെ ആഗസ്റ്റ് ഏഴാം തീയതി, ഇറ്റലിയിലെ വെനീസിൽ നിന്നും എത്തിയ മൂന്നു തടവുകാരെയാണ് ലെയോ പതിനാലാമൻ പാപ്പ സ്വീകരിച്ചത്. പ്രത്യേക അനുമതിയോടെ കാൽനടയായിട്ടാണ് മൂവരും റോമിലെത്തിയത്.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ വാതിൽ കടന്ന തടവുപുള്ളികള്‍, പരിശുദ്ധ പിതാവിനെ സന്ദർശിച്ചു തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവെച്ചു. വെനീസ് അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എപ്പിസ്‌കോപ്പൽ വികാരിയും, തീർത്ഥാടനത്തിൽ മൂവരെയും അനുഗമിച്ചു. തടവറ, ആളുകൾക്ക് മനസാന്തരപ്പെടുവാനുള്ള അവസരം നൽകുന്ന ഇടമാണെന്നും, ഈ തീർത്ഥാടനം പ്രായശ്ചിത്തത്തിന്റെ അനുഭവം സമ്മാനിക്കുന്നതാണെന്നും തടവറയുടെ ചുമതലയുള്ള എൻറിക്കോ ഫരിന എടുത്തുപറഞ്ഞു.

വെനീസിൽ നിന്നും കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും തടവുപുള്ളികള്‍ പാപ്പായ്ക്കു നൽകി. തികച്ചും സൗഹാർദ്ദപരമായിരുന്നു ലെയോ പാപ്പയുമായുള്ള കൂടിക്കാഴ്ചയെന്നും, അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോട് സംസാരിച്ചുവെന്നും, വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും പറഞ്ഞു. ഏകദേശം ഇരുപതുവർഷങ്ങൾക്കു മുൻപ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങളും പാപ്പ പങ്കുവച്ചു. ശിക്ഷ കാലാവധി കഴിഞ്ഞ്, നിയമപ്രകാരം മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ മൂന്നു തടവുകാരും റോമിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തിയത്. റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർത്ഥാടനം നടത്തി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »