News - 2025

മൊസാംബിക്കിൽ ആറു ക്രൈസ്ത‌വരെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ തലയറത്തു കൊലപ്പെടുത്തി

പ്രവാചകശബ്ദം 09-08-2025 - Saturday

കാബോ ഡെൽഗാഡോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ക്രൈസ്ത‌വരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറത്തു കൊലപ്പെടുത്തി. മൊസാംബിക്കിലെ വടക്കൻ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചിയുരെ ജില്ലയിലെ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളുടെ 20 ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രവിശ്യ (ISMP) പുറത്തുവിട്ടതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) വെളിപ്പെടുത്തി. നിരവധി ക്രൈസ്ത‌വ ദേവാലയങ്ങളും വീടുകളും ഭീകരർ തീവച്ചു നശിപ്പിച്ചു.

ചിയൂർ ജില്ലയിലെ നാലു ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രോവിൻസ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. ക്രൈസ്‌തവർക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് സംഘടന വിശേഷിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഐസിസ് പ്രവർത്തകർ ഗ്രാമങ്ങൾ കൊള്ളയടിക്കുന്നതും പള്ളിയും വീടുകളും കത്തിക്കുന്നതും ഫോട്ടോകളിൽ ദൃശ്യമാണ്. ജിഹാദികൾ ക്രൈസ്തവ വിശ്വാസികളുടെ തലയറുത്ത് കൊല്ലുന്നതും നിരവധി അംഗങ്ങളുടെ മൃതദേഹങ്ങളും ചിത്രങ്ങളിൽ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.



മൊസാംബിക്കിൽ എട്ടു വർഷമായി ഐഎസ് ഭീകരർ ആക്രമണം നടത്തിവരുന്നുണ്ട്. ജുലൈയിൽ കോംഗോയിൽ ഐഎസ് ഭീകരർ കത്തോലിക്ക പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ മെത്രാന്‍മാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »