News - 2025
പാവപ്പെട്ടവരോടൊപ്പം ബലിയര്‍പ്പിച്ച് ഉച്ചഭക്ഷണം പങ്കിടുവാന്‍ ലെയോ പാപ്പ
പ്രവാചകശബ്ദം 09-08-2025 - Saturday
വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരോടൊപ്പം വിശുദ്ധ കുര്‍ബാന അർപ്പിക്കുന്നതിനും ഉച്ചഭക്ഷണം പങ്കിടുന്നതിനും ലെയോ പതിനാലാമൻ പാപ്പ തയാറെടുക്കുന്നു. വരുന്ന ആഗസ്റ്റ് 17 ഞായറാഴ്ച ഇറ്റലിയിലെ അൽബാനോയിലാണ് പാപ്പ ചെലവഴിക്കുക. വത്തിക്കാനിൽ നിന്ന് 35 കിലോമീറ്റർ (ഏകദേശം 22 മൈൽ) അകലെ പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ അതിർത്തിയിലുമായി സ്ഥിതി ചെയ്യുന്ന അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദേവാലയത്തിൽ പ്രാദേശിക സമയം രാവിലെ 9:30ന് പാപ്പ എത്തിച്ചേരും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, ഉച്ചയ്ക്ക് ലിബർട്ടി സ്ക്വയറിൽ നിന്ന് ആഞ്ചലസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടര്‍ന്നു 100 നിര്‍ധനരായ പാവപ്പെട്ടരോടൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിടും. ഇതാദ്യമായാണ് പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷം ലെയോ പതിനാലാമൻ പാപ്പ ദരിദ്രരുമായി കൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം പങ്കിടുകയും ചെയ്യുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, വില്ലനോവയിലെ സെന്റ് തോമസിന്റെ പൊന്തിഫിക്കൽ ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ പരിശുദ്ധ പിതാവ് കാസ്റ്റൽ ഗാൻഡോൾഫോയിലേക്ക് പോകുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
