News - 2025
വത്തിക്കാനിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സഹായവും പ്രഖ്യാപിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 11-08-2025 - Monday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ജീവനക്കാരായ കുടുംബങ്ങൾക്ക് സഹായകരമായ നിരവധി ശുപാര്‍ശകള്‍ക്കു ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി. കുടുംബങ്ങള്‍ക്കായി വിവിധ അലവൻസുകൾ അനുവദിക്കൽ, പിതൃത്വ അവധിയില്‍ വര്‍ദ്ധനവ്, വികലാംഗരായ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങൾ നല്‍കല്‍ തുടങ്ങീ നിരവധി സഹായ പദ്ധതികളാണ് ഇനി ലഭ്യമാക്കുക. പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടേറിയറ്റു ഇന്ന് ഓഗസ്റ്റ് 11 ന് പ്രസിദ്ധീകരിച്ച രേഖയിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിശുദ്ധ സിംഹാസനത്തിലെയും വത്തിക്കാൻ ഗവർണറേറ്റിലെയും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അതത് ജീവനക്കാരും ഉൾപ്പെടുന്ന സംഘടനയായ യുഎൽഎസ്എ കൗൺസിൽ ഈ തീരുമാനങ്ങൾ നേരത്തെ ഏകകണ്ഠമായി സ്വാഗതം ചെയ്തിരിന്നു. ഒരു കുട്ടിയുടെ ജനനത്തിനുശേഷം ജീവനക്കാർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹത നല്‍കുന്ന രീതിയ്ക്കു ലെയോ പാപ്പ അംഗീകാരം നല്‍കി. ഗുരുതരമായ വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും.
കുട്ടിയെ മുഴുവൻ സമയവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെങ്കിൽ പോലും അവധി എടുക്കുന്നതിനും ജീവനക്കാര്‍ക്ക് അവസരമുണ്ട്. ഗുരുതരമായ വൈകല്യമുള്ളവരോ അംഗവൈകല്യമുള്ളവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങൾക്കും അതേ സാഹചര്യത്തിലുള്ള പെൻഷൻകാർക്കും പ്രതിമാസ സബ്‌സിഡിയും സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുടുംബ അലവന്‍സ് ആനുപാതികമായി വര്‍ദ്ധിപ്പിക്കാനും ലെയോ പാപ്പ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
