News

പിശാച് വിശ്രമിക്കില്ല; മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണം: ആഹ്വാനവുമായി ലെയോ പാപ്പയുടെ സെക്രട്ടറി

പ്രവാചകശബ്ദം 13-08-2025 - Wednesday

ചിക്ലായോ, പെറു: പരിശുദ്ധ പിതാവിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ആഗോള കത്തോലിക്ക വിശ്വാസികളോട് ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന. ചിക്ലായോയിലെ ലാ വിക്ടോറിയയിലുള്ള സാൻ ജോസ് ഒബ്രെറോ ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ കുർബാന മധ്യേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രാർത്ഥനയാണ് വിശ്വാസികൾക്കു മാര്‍പാപ്പയോടുള്ള പ്രഥമ കടമയെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു.

നമ്മുടെ പ്രാർത്ഥനകളാൽ പാപ്പയെ സംരക്ഷിക്കാനും, പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നു പാപ്പയെ പ്രതിരോധിക്കാനും നമുക്ക് കടമയുണ്ട്. ലെയോ പാപ്പ പത്രോസായി സഭയുടെ ഉറച്ച പാറയായിരിക്കുമ്പോള്‍ പിശാചിന് സ്വസ്ഥത ലഭിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതം സുവിശേഷവുമായി പൊരുത്തപ്പെടണം, നാം വിശുദ്ധ കുർബാനയിൽ കേൾക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദൈവവചനവുമായി പൊരുത്തപ്പെടണം. എപ്പോഴും നമ്മെത്തന്നെ ഒരുക്കാൻ സഹായിക്കണമെന്ന് നമുക്ക് നമ്മുടെ കർത്താവിനോട് അപേക്ഷിക്കാമെന്നും മാര്‍പാപ്പയുടെ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ലെയോ പതിനാലാമൻ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള വൈദികനാണ് ഫാ. എഡ്ഗാർഡ് ഇവാൻ. കഴിഞ്ഞ മെയ് മാസത്തില്‍ ലെയോ പാപ്പയെ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തപ്പോള്‍ പാപ്പ നടത്തിയ ആദ്യ നിയമനമായിരിന്നു തന്റെ സെക്രട്ടറിയായി ഫാ. എഡ്ഗാർഡ് ഇവാനെ നിയമിച്ചത്. ലാറ്റിൻ അമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ശക്തമായ ബന്ധം പുലർത്തിയിരിന്ന വ്യക്തിയാണ് ഫാ. റിമായ്കുന.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »