News
സന്നദ്ധ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കു അറുതി വേണമെന്ന് അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടന
പ്രവാചകശബ്ദം 20-08-2025 - Wednesday
റോം: സന്നദ്ധപ്രവർത്തകർക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കത്തോലിക്ക സഭയുടെ ഉപവി പ്രവർത്തനങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്ന കാരിത്താസ് സംഘടന. ആഗസ്റ്റ് 19ന് ലോക മാനുഷിക ദിനാചരണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംഘടന ഇക്കാര്യം ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഗാസ, സുഡാൻ, ദക്ഷിണ സുഡാൻ, യുക്രൈന്‍, മ്യാൻമർ, മറ്റ് സംഘർഷ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും, മനുഷ്യജീവന്റെ അന്തസ്സും, മൂല്യവും ഉയർത്തിക്കാട്ടുവാനും കത്തോലിക്ക സഭയുടെ ഉപവി പ്രസ്ഥാനം അഭ്യര്‍ത്ഥിച്ചു.
2024-ൽ മാത്രം, 20 രാജ്യങ്ങളിലായി 380ൽ അധികം സന്നദ്ധപ്രവർത്തകർ തങ്ങളുടെ സുപ്രധാന ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടു. കൃത്യമായ സംരക്ഷണം, പിന്തുണ, ഉത്തരവാദിത്തം എന്നിവയുടെ ആവശ്യകത ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണ്. അതിനാലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുന്നതിനിടെ, ജീവൻ നഷ്ടപ്പെട്ട സന്നദ്ധപ്രവർത്തകരെ അനുസ്മരിക്കുന്നതായും സംഘടന പ്രസ്താവിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുന്നതിനിടെ, ജീവൻ നഷ്ടപ്പെട്ട സന്നദ്ധപ്രവർത്തകരെ അനുസ്മരിക്കുന്നതിലും സാധാരണക്കാർക്കും സന്നദ്ധ സംഘടനയിലെ അംഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കുന്നതിനും ലോകമെമ്പാടുമുള്ള മാനുഷിക സംഘടനകൾക്കൊപ്പം കാരിത്താസ് സംഘടനയും അണിചേരുകയാണെന്നും കാരിത്താസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കാരിത്താസ്. യുദ്ധ മേഖലകളിലും പ്രകൃതി ദുരന്തം, ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിറഞ്ഞയിടങ്ങളിലും നിറ സാന്നിധ്യമായ കാരിത്താസിന് ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
