News
വ്യാജ പശുക്കടത്ത് ആരോപണം ഉന്നയിച്ച് ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം
പ്രവാചകശബ്ദം 26-08-2025 - Tuesday
സുന്ദർഗഡ്, ഒഡീഷ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ സ്വന്തം കന്നുകാലികളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് കത്തോലിക്ക വിശ്വാസികളെ ഗോരക്ഷകർ ക്രൂരമായി മർദ്ദിച്ചു. തെലനാദിഹി ഗ്രാമത്തിൽ നിന്നുള്ള ജോഹാൻ സോറൻ (66), സഹോദരൻ ഫിലിപ്പ് സോറൻ (55) എന്നി സാധാരണക്കാരായ ക്രൈസ്തവരെയാണ് മാലിപാദ റോഡിന് സമീപം പതിനാറോളം പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CCBI) കീഴിലുള്ള 'കാത്തലിക് കണക്റ്റ്' എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജോഹാന്റെ ഭാര്യയുടെ ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് സഹോദരന്മാർ തങ്ങളുടെ കാളകളെയും കന്നുകുട്ടികളെയും കൊഡോമൽ ഗ്രാമത്തിലെ ഒരു കന്നുകാലി വ്യാപാരിക്ക് നാല്‍പ്പതിനായിരം രൂപയ്ക്കു വിറ്റത്. ഓഗസ്റ്റ് 19ന്, വ്യാപാരിയുടെ അടുത്തേക്ക് കാൽനടയായി മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ രണ്ട് പ്രാദേശിക യുവാക്കൾ അവരെ തെലെനാദിഹി ബരാഗച്ച് സ്‌ക്വയറിന് സമീപം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരിന്നു. വളര്‍ത്തു മൃഗങ്ങളെ വിറ്റതാണെന്ന് സഹോദരന്മാർ വിശദീകരിച്ചതോടെ യുവാക്കൾ യാതൊരു പ്രശ്‌നവുമില്ലാതെ പോയി.
എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോൾ, മാലിപാദ റോഡിന് സമീപം, ഇതേ യുവാക്കളും 16 പേരടങ്ങുന്ന ഒരു വലിയ സംഘവുമായി തിരിച്ചെത്തുകയായിരിന്നു. പശുക്കടത്ത് ആരോപിച്ച് സഹോദരന്മാർക്കെതിരെ ആൾക്കൂട്ടം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരിന്നു. ഭീഷണിയ്ക്കു പിന്നാലേ വടികൊണ്ട് ക്രൂരമായി അടിക്കുകയും രക്തം വാർന്ന് ബോധരഹിതരാകുന്നതുവരെ ചവിട്ടുകയും ചെയ്തതായി ഇരുവരും പറയുന്നു. സമീപകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ വലിയ ആക്രമണങ്ങളാണ് ഒഡീഷയിലും മറ്റ് സംസ്ഥനങ്ങളിലും നടന്നുക്കൊണ്ടിരിക്കുന്നത്. നിലനില്‍പ്പിന് വേണ്ടി സ്വന്തം ജീവനോപാധികളെ വരെ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൈസ്തവര്‍ ഒറ്റപ്പെടുകയാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
