News
"പ്രാര്‍ത്ഥനയില്‍ നിന്ന് ലഭിച്ച ധൈര്യം"; മിന്നിപോളിസില്‍ സഹപാഠികളെ രക്ഷപ്പെടുത്തിയ എട്ടാം ക്ലാസുകാരന്‍റെ സാക്ഷ്യം
പ്രവാചകശബ്ദം 30-08-2025 - Saturday
മിന്നിപോളിസ്: അമേരിക്കയിലെ മിന്നിപോളിസില്‍ ദിവ്യബലിയ്ക്കിടെ ട്രാന്‍സ് ജെന്‍ഡര്‍ നടത്തിയ കൂട്ടക്കൊലയില്‍ സ്വജീവന്‍ പണയംവെച്ചു സഹപാഠികളെ രക്ഷപ്പെടുത്തിയ പതിമൂന്നുകാരന്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. തങ്ങളുടെ മക്കളെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ ജാവൻ വില്ലിസ് എന്ന ബാലനോടാണ് എല്ലാവരും നന്ദി അറിയിക്കുന്നത്. എന്നാല്‍ ദൈവത്തിലുള്ള ആശ്രയമാണ് സമയോചിത ഇടപെടല്‍ നടത്തുവാന്‍ സഹായിച്ചതെന്ന് ഈ ബാലന്‍ പറയുന്നു. പ്രാർത്ഥനയിൽ നിന്നും, ദൈവം തന്റെ അരികിലുണ്ടെങ്കിൽ എല്ലാം ശരിയാകുമെന്ന ഉറച്ച വിശ്വാസത്തിൽ നിന്നുമാണ് തനിക്ക് ധൈര്യം ലഭിച്ചതെന്ന് ജാവൻ വില്ലിസ് അര്‍ദ്ധശങ്കയില്ലാതെ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ബുധനാഴ്‌ച രാവിലെ സ്‌കൂളിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്‌പിൽ എട്ടും പത്ത് വയസുള്ള കുരുന്നുകളാണ് ദയനീയമായി കൊല്ലപ്പെട്ടത്. 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് ആക്രമണം നടത്തിയത്. മരണസംഖ്യ വലിയ രീതിയില്‍ ഉയരാവുന്ന സാഹചര്യമായിരിന്നെങ്കിലും ജാവനിലൂടെ വലിയ അത്ഭുതമാണ് അവിടെ നടന്നത്. വെടിവയ്പ്പ് ആരംഭിച്ചപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ താന്‍ പള്ളിക്കുള്ളിലായിരുന്നുവെന്ന് ടുഡേ ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജാവൻ പങ്കുവെച്ചു.
വെടിവെയ്പ്പ് ഉണ്ടായതിന് പിന്നാലേ ഞാന്‍ പീഠത്തിനടിയിൽ വീണു, പ്രാർത്ഥിക്കുകയായിരിന്നു. അപ്പോള്‍ ദൈവം തന്റെ പക്ഷത്തുണ്ടെങ്കിൽ എനിക്ക് കുഴപ്പമില്ലെന്ന ചിന്ത മനസില്‍ വന്നു, ഇവിടെ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞാന്‍ മനസിലാക്കി. ഈ ധൈര്യത്തില്‍ നിന്നാണ് സഹപാഠികളെ ശാന്തരാക്കാനും സുരക്ഷിതരാക്കാനും തനിക്ക് സാധിച്ചതെന്നും ബാലന്‍ പറയുന്നു.
പരിഭ്രാന്തിക്കിടയിൽ, ആ നിമിഷം, എല്ലാവരെയും കഴിയുന്നത്ര സുരക്ഷിതമായി സൂക്ഷിക്കുക എന്നതായിരുന്നു എന്റെ ചിന്ത. അതിനാൽ ഞാൻ എന്റെ സുഹൃത്തുക്കളോട് താഴെയിറങ്ങി ബെഞ്ചിനടിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ അവരോട് അത് പറഞ്ഞപ്പോൾ, എനിക്ക് തന്നെ അത് ഒരു ഞെട്ടൽ പോലെയായിരുന്നു, പക്ഷേ എനിക്ക് ചുറ്റും കഴിയുന്നത്ര ആളുകളെ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രമിക്കണമെന്ന് തോന്നല്‍ ഉള്ളിലുണ്ടായിരിന്നുവെന്നും ജാവൻ പങ്കുവെച്ചു. പ്രാര്‍ത്ഥനയിലൂടെ ലഭിച്ച ധൈര്യത്തിന്റെ വെളിച്ചത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജാവൻ വില്ലിസും കുടുംബവും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
