News
കുരിശും ബൈബിള്‍ വചനവും പതാകകളുമായി ലണ്ടന്‍ നഗരത്തെ ഇളക്കിമറിച്ച് ഒന്നരലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരുടെ റാലി
പ്രവാചകശബ്ദം 16-09-2025 - Tuesday
ലണ്ടന്‍: പില്‍ക്കാലത്ത് ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു പുറകോട്ടുപോയ ബ്രിട്ടനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പുനരുജ്ജീവനം സാക്ഷ്യപ്പെടുത്തി ഒന്നരലക്ഷത്തോളം പൗരന്മാരുടെ റാലി. ഇംഗ്ലീഷ് ഡിഫൻസ് ലീഗ് മുന്‍ നേതാവ് ടോമി റോബിൻസണിന്റെ നേതൃത്വത്തില്‍ "യുണൈറ്റ് ദി കിംഗ്ഡം" എന്ന പ്രമേയവുമായി ലണ്ടനില്‍ നടത്തിയ റാലി യൂറോപ്പിന്റെ ക്രിസ്തീയ വ്യക്തിത്വത്തിലേക്ക് മടങ്ങുന്നതിനുള്ള ആഹ്വാനമായിരിന്നു. കുരിശും ബൈബിള്‍ വചനവും പതാകകളുമായിട്ടായിരിന്നു റാലിയില്‍ അണിനിരന്നവര്‍ പങ്കെടുത്തത്.
ശനിയാഴ്ച ലണ്ടനിലൂടെ നടന്ന മാർച്ചിൽ 150,000 പേർ പങ്കെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ നിരവധി ക്രിസ്ത്യൻ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മരക്കുരിശുകൾ, ക്രിസ്തുവിന്റെ ചിത്രങ്ങൾ പതിച്ച പതാകകൾ, ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്ന ബാനറുകൾ, "യേശു രാജാവാണ്" എന്ന മുദ്രാവാക്യം സഹിതമായിരിന്നു റാലി. "യേശു വഴിയും സത്യവും ജീവനുമാണ്" എന്നെഴുതിയ ബാനറുകൾ പിടിച്ച് റാലിയില്‍ അണിനിരന്നവരും നിരവധിയായിരിന്നു.
തങ്ങള്‍ "ഇംഗ്ലീഷ് ദേശസ്നേഹികൾ" ആയതിനാലാണ് മാർച്ചിനെ പിന്തുണച്ചതെന്നു എസെക്സിലെ ചെൽംസ്ഫോർഡിൽ നിന്നുള്ള യുവജനങ്ങള്‍ 'പ്രീമിയര്‍' എന്ന മാധ്യമത്തോട് പറഞ്ഞു. ബൈബിൾ വാക്യങ്ങളും ക്രിസ്ത്യൻ പ്രതീകങ്ങള്‍ ഉള്ള ടീ-ഷർട്ടുകൾ ധരിച്ചായിരിന്നു ഇവര്‍ പങ്കുചേര്‍ന്നത്. യൂറോപ്പിന്റെ ക്രിസ്തീയ സംസ്ക്കാരവും പാരമ്പര്യവും നശിപ്പിക്കുന്ന അധിനിവേശ ശക്തികളെ അപലപിച്ചുക്കൊണ്ട് കൂടിയാണ് റാലി നടന്നത്. ബ്രിട്ടനിലെ സാംസ്കാരിക വിപ്ലവത്തിന് ഈ റാലി തീപ്പൊരിയായി മാറിയെന്ന് പരിപാടിയുടെ സംഘാടകനായ ടോമി റോബിൻസൺ പ്രതീക്ഷ പ്രകടിപ്പിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
