News - 2025

ലെയോ പാപ്പയുടെ ക്രിസ്തു കേന്ദ്രീകൃത നയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍

പ്രവാചകശബ്ദം 20-09-2025 - Saturday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഇതുവരെയുള്ള ലെയോ പാപ്പയുടെ ശുശ്രൂഷയില്‍ സന്തോഷ പ്രകടിപ്പിച്ച് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ്‌ ലുഡ്‌വിഗ് മുള്ളര്‍. ക്രിസ്തു കേന്ദ്രീകൃതമായ സുവിശേഷ പ്രഖ്യാപനത്തിന് മുന്‍ഗണനയും സഭയുടെ ദ്വിതീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ കുറവ് ഊന്നലും നല്‍കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ നിലപാട് പ്രതീക്ഷ പകരുകയാണെന്ന് കര്‍ദ്ദിനാള്‍ മുള്ളർ പറഞ്ഞു. ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് കഴിഞ്ഞ ദിവസം ലെയോ പാപ്പ പറഞ്ഞിരിന്നു. ഇതിന് പിന്നാലെയാണ് കര്‍ദ്ദിനാള്‍ മുള്ളറുടെ പ്രസ്താവന.

തീർച്ചയായും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഭയ്ക്ക് സഹായിക്കാൻ കഴിയും, എന്നാൽ തങ്ങളുടെ പ്രഥമ ദൗത്യം എല്ലാവരോടും സുവിശേഷം പ്രസംഗിക്കുകയും യൂറോപ്പിലേക്ക് കുടിയേറുന്നവരെ സുവിശേഷവൽക്കരിക്കുകയും ചെയ്യുക എന്നതാണെന്നും ഭൗതിക സഹായം നൽകുക മാത്രമല്ല, സത്യം അവർക്ക് നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കർദ്ദിനാൾ പറഞ്ഞു. ലെയോ പാപ്പ സഭയ്ക്കുള്ളിലെ പ്രത്യയശാസ്ത്ര ധ്രുവീകരണത്തെ മറികടക്കാൻ ആഗ്രഹിക്കുന്നത് പ്രതീക്ഷ പകരുന്നുവെന്നും കര്‍ദ്ദിനാള്‍ മുള്ളർ പറഞ്ഞു.

സഭയുടെ ദൈവശാസ്ത്ര ധാര്‍മ്മിക നിലപാടുകളെ അതിശക്തമായി മുറുകെ പിടിക്കുകയും പ്രതികരണം നടത്തുകയും ചെയ്യുന്ന കര്‍ദ്ദിനാള്‍ മുള്ളറുടെ പ്രതികരണത്തിന് തിരുസഭയിലെ യാഥാസ്ഥിക സമൂഹത്തിന് ഇടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ രചനകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ന്റെ സ്ഥാപകൻ കൂടിയാണ് ജർമ്മൻ ദൈവശാസ്ത്രജ്ഞനായ കര്‍ദ്ദിനാള്‍ മുള്ളര്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »