News
ലോകപ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് അന്തരിച്ചു; വിടവാങ്ങിയത് മുക്കാല്‍ ലക്ഷത്തോളം ദുരാത്മാക്കളെ പുറത്താക്കിയ വൈദികന്‍
സ്വന്തം ലേഖകന്‍ 17-09-2016 - Saturday
റോം: ലോകപ്രശസ്ത ഭൂതോച്ചാടകനും സൊസൈറ്റി ഓഫ് സെന്റ് പോള്‍ വൈദികനുമായിരിന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് അന്തരിച്ചു. 91 വയസ്സായിരിന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഫാദര്‍ അമോര്‍ത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മരിക്കുകയായിരിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പു വരെ തന്റെ ശുശ്രൂഷ മേഖലയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഫാദര്‍ അമോര്‍ത്ത്.
1925 മേയ് ഒന്നാം തീയതി വടക്കന്‍ ഇറ്റലിയിലെ മൊഡീന എന്ന സ്ഥലത്താണ് ഫാദര്‍ അമോര്‍ത്ത് ജനിച്ചത്. 1947 ആഗസ്റ്റില്‍ സൊസൈറ്റി ഓഫ് സെന്റ് പോള്‍ കോണ്‍ഗ്രിഗേഷനില്‍ വൈദിക പഠനത്തിനായി അദ്ദേഹം ചേര്‍ന്നു. കോണ്‍ഗ്രിഗേഷന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ജയിംസ് ആല്‍ബിറിയോണില്‍ നിന്നും 1951-ല്‍ അദ്ദേഹം തിരുപട്ടം സ്വീകരിച്ചു.
1985-ല്‍ റോം രൂപതയുടെ വികാരി ജനറലായിരുന്ന കര്‍ദിനാള്‍ യുഗോ പോളിറ്റിയാണ് ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിനെ രൂപതയുടെ ഭൂതോച്ചാടകനായി നിയമിച്ചത്. ദുരാത്മാക്കളുടെ പീഡനം മൂലം കഷ്ടത സഹിക്കേണ്ടി വന്ന മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് അദ്ദേഹം തന്റെ പ്രാര്‍ത്ഥനാ വരങ്ങളിലൂടെ വിടുതല്‍ നല്‍കിയിട്ടുണ്ട്.
ലോകമെമ്പാടും നിരവധി ശിഷ്യഗണങ്ങളുള്ള ഫാദര്‍ അമോര്‍ത്ത്, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും മികച്ച പത്രപ്രവര്‍ത്തകനുമായിരുന്നു. ദുര്‍ഭൂതങ്ങളെ കുറിച്ചും, ദുരാത്മാക്കളെ ഒഴിപ്പിക്കുന്ന തന്റെ രീതികളെ കുറിച്ചും എഴുതിയ പുസ്തകങ്ങളിലൂടെ ഫാദര്‍ അമോര്‍ത്ത് ലോക പ്രശസ്തിയാര്‍ജിച്ചിരിന്നു. ദുരാത്മാക്കളോടുള്ള പോരാട്ടം ധീരമായി നടത്തിയ ഫാദര്‍ അമോര്‍ത്ത് ഇനി ദൈവസന്നിധിയില്‍ ആശ്വാസം കണ്ടെത്തുമെന്ന് അദ്ദേഹത്തിന്റെ ശിഷ്യനും സ്പാനിഷ് ദൈവശാസ്ത്രജ്ഞനുമായ ഫാദര്‍ ജോസ് അന്റോണിയോ പറഞ്ഞു.
"അദ്ദേഹം തന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നു നല്‍കി. പഠിക്കുവാന്‍ താല്‍പര്യമുള്ള എല്ലാവരേയും അദ്ദേഹം ചേര്‍ത്തു നിര്‍ത്തി. ലാളിത്യത്തിന്റെ പ്രതീകമായിരുന്നു ഫാദര്‍ അമോര്‍ത്ത്. അദ്ദേഹത്തിന്റെ വീര്യമുള്ള ശബ്ദം പിശാചിന്റെ പ്രവര്‍ത്തനങ്ങളെ നീര്‍വീര്യമാക്കാന്‍ ആയിരങ്ങള്‍ക്ക് പ്രചോദനമേകി. ഒരു രാജ്യത്ത് തുടക്കമിട്ട ഈ ശുശ്രൂഷ പിന്നീട് സഭയിലേക്ക് പടര്‍ന്നു പിടിച്ചു. താന്‍ കണ്ടതും നേരിട്ടതുമായ എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നു പറഞ്ഞ വ്യക്തിയായിരുന്നു ഫാദര്‍ അമോര്‍ത്ത്". ഫാദര്‍ ജോസ് അന്റോണിയോ ഫോര്‍ട്ടിയ പറഞ്ഞു.
2015 ഏപ്രിലില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഐഎസിനെ 'സാത്താന്‍' എന്ന് ഫാദര്‍ അമോര്‍ത്ത് വിശേഷിപ്പിച്ചിരുന്നു. ആത്മീയ മണ്ഡലത്തിലൂടെ ആരംഭിച്ച് ലോകത്തില്‍ അവര്‍ വേരൂന്നുമെന്നും രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ എല്ലാം പിശാചിന്റെ സ്വാധീനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരിന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ നാം അന്ത്യകാലത്താണെന്നും പിശാച് തന്റെ പ്രവര്‍ത്തനം ഏറെ ശക്തിയോടെയാണ് നടത്തുന്നതെന്ന മുന്നറിയിപ്പും ഫാദര്‍ അമോര്‍ത്ത് പല അവസരങ്ങളിലായി നല്‍കിയിട്ടുണ്ടായിരിന്നു.
2010-ല്‍ പുറത്തു വന്ന പുസ്തകത്തില്‍ വിവാദമായ ഒരു വെളിപ്പെടുത്തലും ഫാദര്‍ അമോര്‍ത്ത് നടത്തിയിരുന്നു. വത്തിക്കാനിലെ ഒരു സംഘം വൈദികരിലൂടെയും ബിഷപ്പുമാരിലൂടെയും സാത്താന്‍ സഭയ്‌ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഫാദര്‍ അമോര്‍ത്ത് തുറന്ന്‍ പറഞ്ഞിരുന്നു. ഈ സംഘത്തിനെതിരെ സാധ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അന്നത്തെ മാര്‍പാപ്പയായ ബനഡിക്ടറ്റ് പതിനാറാമനോട് ആവശ്യപ്പെട്ടു. 2013 മേയ് മാസം ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് ഒരു മനുഷ്യനില്‍ നിന്നും ദുരാത്മാവിനെ ഒഴിപ്പിച്ചെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിരുന്നു.
സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത്. സ്‌കൂള്‍ അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015-ല്‍ മെഡല്‍ ഓഫ് ലിബറേഷന്‍ പുരസ്‌കാരം നല്‍കി ഇറ്റലി അമോര്‍ത്തിനെ ആദരിച്ചിരുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക