News

യൂറോപ്പിന്റെ ക്രിസ്തീയ വേരുകൾ തിരിച്ചറിയുക, അത് കാത്തുസൂക്ഷിക്കേണ്ട യാഥാര്‍ത്ഥ്യം: രാഷ്ട്രീയ നേതാക്കളോട് ലെയോ പാപ്പ

പ്രവാചകശബ്ദം 11-12-2025 - Thursday

വത്തിക്കാന്‍ സിറ്റി: യൂറോപ്പിൽ ക്രിസ്തീയതയുടെ പങ്കിനെ അംഗീകരിക്കേണ്ടതും ക്രിസ്തീയ വേരുകള്‍ കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണെന്നു ലെയോ പാപ്പ. ഇന്നലെ ഡിസംബർ 10 ബുധനാഴ്ച യൂറോപ്യൻ പാർലമെന്റിലെ മധ്യ വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പിൽനിന്നുള്ള പ്രതിനിധികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ. യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യം ഉൾപ്പെടെയുള്ള പൈതൃകം ഉയർത്തിക്കാട്ടുന്നത്, പ്രദേശത്തുള്ള ക്രൈസ്തവ സമൂഹങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് യൂറോപ്പ് എന്താണെന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതിന്റെ കൂടി ഭാഗമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

യൂറോപ്പിന്റെ വ്യക്തിത്വം മനസ്സിലാക്കേണ്ടത്, അതിന്റെ യഹൂദ ക്രൈസ്തവ വേരുകളുടെ പശ്ചാത്തലത്തിൽ വേണമെന്ന് മുൻ പാപ്പമാർ പറഞ്ഞിരുന്ന കാര്യവും പാപ്പ അനുസ്മരിച്ചു. ദാരിദ്ര്യം, സാമൂഹികമായ ഒറ്റപ്പെടുത്തൽ, കാലാവസ്ഥ പ്രതിസന്ധികൾ, അക്രമങ്ങൾ തുടങ്ങിയ യാഥാർത്ഥ്യങ്ങളുടെ മുന്നിൽ ക്രിസ്തീയത ഉയർത്തിപ്പിടിക്കുന്ന ധാർമ്മികതയും മൂല്യങ്ങളും വലുതാണെന്ന കാര്യവും പാപ്പ പറഞ്ഞു. പൊതുനന്മ ലക്ഷ്യമാക്കി യൂറോപ്പിലെ ക്രൈസ്തവ സമൂഹം ചെയ്യുന്ന പ്രവര്‍ത്തികളുടെ സദ്‌ഫലങ്ങൾ, അവിടെയുള്ള പൊതുസമൂഹവും സ്വീകരിക്കുന്നുണ്ടെന്ന് മറക്കരുതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

വലിയ കത്തീഡ്രൽ ദേവാലയങ്ങൾ, ഉന്നതമായ കലയും സംഗീതവും, ശാസ്ത്രത്തിലുള്ള പുരോഗതി, ബൗദ്ധികതലത്തെ വളർത്തുന്നതിനായി നിരവധി യൂണിവേഴ്സിറ്റികൾ തുടങ്ങി വിവിധ മേഖലകളിൽ യൂറോപ്പിലെ ക്രൈസ്തവ പൈതൃകം സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പാപ്പ പ്രസംഗത്തില്‍ വിശദീകരിച്ചു. യൂറോപ്പിന്റെ ചരിത്രത്തിൽനിന്ന് ക്രിസ്തീയതയെ മാറ്റി നിറുത്താനാകില്ലെന്ന കാര്യം എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ഇത് ആഘോഷിക്കപ്പെടേണ്ടതും കാത്തുസൂക്ഷിക്കപ്പെടേണ്ടതുമായ ഒരു യാഥാർത്ഥ്യമാണെന്നും ഓർമ്മിപ്പിച്ചു. റോമിൽ നടക്കുന്ന ത്രിദിന കോൺഫറൻസിന്റെ കൂടി പശ്ചാത്തലത്തിലാണ് യാഥാസ്ഥിതിക, പുരോഗമന പാർട്ടിയിൽനിന്നുള്ള പ്രതിനിധികൾ വത്തിക്കാനിൽ കഴിഞ്ഞ ദിവസം എത്തിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »