News - 2026

ബിഷപ്പ് അലി ഹെറേറ റോമിലെ മേരി മേജർ ബസിലിക്കയുടെ കർദ്ദിനാൾ ആർച്ച്പ്രീസ്റ്റിന്റെ വികാരി

പ്രവാചകശബ്ദം 22-01-2026 - Thursday

വത്തിക്കാന്‍ സിറ്റി: റോമിലെ പ്രധാന ബസിലിക്കകളിലൊന്നും ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്നതുമായ മേരി മേജർ ബസലിക്കയിലെ കർദ്ദിനാൾ ആർച്ച്പ്രീസ്റ്റിന്റെ വികാരിയായി കൊളംബിയയിൽ നിന്നുള്ള ബിഷപ്പ് അലി ഹെറേറ നിയമിതനായി. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ സെക്രട്ടറി കൂടിയാണ് ബിഷപ്പ് അലി ഹെറേറ. ആർച്ച് ബിഷപ്പ് തിബോൾട് വെർനിയാണ് കമ്മീഷന്റെ പ്രസിഡന്റ്. 2025 ഓഗസ്റ്റ് 28ന് ലെയോ പതിനാലാമൻ പാപ്പ അദ്ദേഹത്തെ വൈദികർക്കുവേണ്ടിയുളള ഡിക്കാസ്റ്ററിയുടെ അംഗമായും നിയമിച്ചിരുന്നു.

1967 മെയ് 2നാണ് ജനനം. 1992 നവംബർ 28ന് വൈദികനായ അദ്ദേഹം 2015 നവംബർ 7ന് ബൊഗോട്ട രൂപതയുടെ സഹായമെത്രാനായി നിയമിതനായി. ഡിസംബർ 12ന് മെത്രാനായി അഭിഷിക്തനായി. 2021 ജൂലൈ 4ന് കൊളംബിയൻ മെത്രാൻസമിതിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. 2024 മാർച്ച് 15ന് ഫ്രാൻസിസ് പാപ്പായാണ് ബിഷപ് ഹെറേറയെ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »