News

സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണം: ലെയോ പാപ്പ

പ്രവാചകശബ്ദം 29-01-2026 - Thursday

വത്തിക്കാന്‍ സിറ്റി: സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണമെന്നു ലെയോ പാപ്പ. മുപ്പതാമത് സമർപ്പിതരുടെ ആഗോള ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ലേഖനത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. അന്തസ്സ് മുറിവേൽപ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമർപ്പിതരുടെ പ്രവാചക സാന്നിധ്യം എന്ന തലക്കെട്ടോടെയാണ് സന്ദേശം. പരീക്ഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും, പ്രത്യാശയുടെ അടയാളമായും, സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ പാപ്പ നന്ദിയോടെ അനുസ്മരിച്ചു.

സംഘർഷങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരത, ദാരിദ്ര്യം, പാർശ്വവൽക്കരണം, നിർബന്ധിത കുടിയേറ്റം, മതന്യൂനപക്ഷത്തോടുള്ള എതിർപ്പുകൾ, അക്രമം, വ്യക്തികളുടെ അന്തസ്സ് ഹനിക്കുന്ന പ്രവൃത്തികൾ, പിരിമുറുക്കങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ അവസ്ഥകളിൽ സന്യസ്തരുടെ പ്രവാചക സാന്നിധ്യം ഏറെ ശക്തമാണെന്നു സാക്ഷ്യങ്ങൾ വെളിപ്പെടുത്തുകയാണെന്നു ലേഖനത്തിൽ അടിവരയിട്ടു പറയുന്നു. ദുർബലതയുടെയും പരീക്ഷണത്തിന്റെയും സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരോട് ചേർന്നുള്ള സന്യസ്തരുടെ പ്രവർത്തനങ്ങൾ എപ്പോഴും 'നിലനിൽക്കുന്ന ഒരു സാന്നിധ്യമായി' മാറിയിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും, രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യം വിശ്വാസത്തെ പരീക്ഷണത്തിനു വിധേയമാക്കുകയും, പ്രത്യാശയെ തളർത്തുകയും ചെയ്യുമ്പോൾ, വിശ്വസ്തവും എളിമയാർന്നതും, വിവേകപൂർണ്ണവുമായ സന്യസ്തരുടെ സാന്നിധ്യം ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ അടയാളമായി മാറുകയാണ്. സന്യസ്തരുടെ ഈ സാന്നിധ്യം വ്യക്തിപരമോ സാമൂഹികമോ ആയ തിരഞ്ഞെടുപ്പല്ല. അവരുടെ വാക്കുകൾ, മുഴുവൻ സഭയ്ക്കും ലോകത്തിനും ഒരു പ്രവചന ശബ്ദമായി മാറുകയാണ്.

സംഘർഷങ്ങളുടെ മുറിവുകൾ സാഹോദര്യത്തെ മായ്ച്ചുകളയുന്നതായി തോന്നുന്നിടത്ത് കൃത്യമായി നിരായുധരാക്കുന്ന വാക്കുകൾ, സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണം ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങൾ, കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനുള്ള പ്രതിബദ്ധത, അനുരഞ്ജനത്തിന്റെ പാതകൾ തേടുന്നതിലെ സ്ഥിരോത്സാഹം, വ്യക്തികളുടെ അന്തസ്സിനെയും നീതിയെയും നിഷേധിക്കുന്ന സാഹചര്യങ്ങളെയും ഘടനകളെയും അപലപിക്കാനുള്ള ധൈര്യം എന്നിവയെല്ലാം സമർപ്പിതരുടെ ജീവിതത്തിന്റെ സവിശേഷതകൾ ആണെന്നതും ലേഖനം അടിവരയിട്ടു പറയുന്നു.

ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, സിസ്റ്റർ സിമോണ ബ്രാംബില്ല, പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ആംഹെൽ അർത്തിമേ, സെക്രട്ടറി സിസ്റ്റർ തിത്സ്യാന മെർലെത്തി എന്നിവര്‍ ലേഖനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടാം തീയതി തിങ്കളാഴ്ചയാണ്, 30-ാമത് സമർപ്പിതരുടെ ആഗോള ദിനമായി ആചരിക്കുന്നത്. അന്നേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ബലിക്ക് കാർമ്മികത്വം വഹിക്കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »