News
താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നുമെത്തിയ മെത്രാന്‍മാര്‍ക്ക് ലെയോ പാപ്പയുടെ വിരുന്ന്
പ്രവാചകശബ്ദം 30-01-2026 - Friday
വത്തിക്കാന്‍ സിറ്റി: താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, അഡ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. ജനുവരി ഇരുപത്തിയൊമ്പതാം തീയതിയാണ് പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായിട്ടാണ് ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചവിരുന്ന് പങ്കിട്ടത്.
സാഹോദര്യ ഉച്ചഭക്ഷണം എന്നാണ്, പെറുവിലെ മെത്രാൻ സമിതി സന്ദർശനത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ 46 മെത്രാന്മാരാണ് സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയിരിക്കുന്നത്. പെറുവിൽ ഇരുപത് വർഷത്തിലേറെ മിഷ്ണറിയായും പിന്നീട് ചിക്ലായോ രൂപതയുടെ മെത്രാനുമായി സേവനം ചെയ്ത വ്യക്തിയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലെയോ പാപ്പ.
പെറുവിന്റെ സമാധാനത്തിനും ഭാവിക്കും വേണ്ടി പ്രാർത്ഥിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും ഈ സന്ദർശനം തങ്ങളെ ശക്തിപ്പെടുത്തുകയും മികച്ച രീതിയിൽ സേവിക്കാൻ പ്രോത്സാഹനം നല്‍കുകയും ചെയ്യുമെന്നും പെറുവിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് മോൺ. കാർലോസ് ഗാർസിയ കമദേർ പ്രതീക്ഷ പ്രകടിപ്പിച്ചു. മെത്രാൻ സമിതി സംഭാവന ചെയ്യുന്ന, കന്യകാമറിയത്തിന്റെ ഒരു മൊസൈക്കു ചിത്രവും ലിമയിലെ വിശുദ്ധ റോസിന്റെ ഒരു ചിത്രവും, ഇന്നു ജനുവരി 31 ശനിയാഴ്ച വത്തിക്കാൻ ഉദ്യാനത്തിൽ പ്രതിഷ്ഠിക്കുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?


















