News

ഡന്‍ഡി, ഡന്‍കെല്‍ഡ്, അബര്‍ഡീന്‍ രൂപതകളില്‍ മാര്‍ സ്രാമ്പിക്കലിനു ഹൃദ്യമായ വരവേല്‍പ്പ്

ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 22-09-2016 - Thursday

പ്രസ്റ്റണ്‍ ആസ്ഥാനമാക്കിയുള്ള സീറോ മലബാര്‍ സഭയുടെ 'ഗ്രേറ്റ് ബ്രിട്ടന്‍' രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനു സ്കോട് ലന്‍റിലെ വിവിധ രൂപതകളുടെ ആവേശോജ്വല വരവേല്‍പ്പ്. ഡന്‍ഡി രൂപതയില്‍ ഫാ.ജോണ്‍ ആന്‍മുറ CST, ഫാ. റോജി നരിതൂക്കില്‍ CST, ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, ഫാ. പീറ്റര്‍ തോമസ് OFM തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്നലെ രാവിലെ ഡന്‍ഡി സെന്‍റ് ക്ലമെന്‍സ് പള്ളിയില്‍ 9 മണിക്ക് ദിവ്യബലിയര്‍പ്പിച്ച ശേഷം ഡന്‍സിയിലെയും പെര്‍ത്തിലെയും വിശ്വാസികളെ കാണാനും നിയുക്ത മെത്രാന്‍ സമയം കണ്ടെത്തി.

തുടര്‍ന്നു ഡന്‍കെല്‍ഡ് രൂപതാദ്ധ്യക്ഷന്‍ സ്റ്റീഫന്‍ റോബ്സനുമായും വികാരി ജനറാള്‍ അല്‍സോ ആഞ്ചലോസാന്തോയുമായും കൂടികാഴ്ച നടത്തി. തുടര്‍ന്നു ഫാ.ജോസഫ് പിണക്കാട്ട് സേവനം ചെയ്യുന്ന അബര്‍ദ്ദീനിലെ മാസ്ട്രിക് ദേവാലയത്തിലും അവിടെയുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഇടയിലും സന്ദര്‍ശനം നടത്തി. വൈകുന്നേരത്തോടെ അബര്‍ദ്ദീന്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഹ്യൂഗ് ഗില്‍ബെര്‍ട്ട് ഒഎസ്‌ബി യുമായും മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി.

രൂപതാദ്ധ്യക്ഷന്‍മാരും വൈദികരും വിശ്വാസികളും വളരെ ആവേശത്തോട് കൂടിയാണ് സ്വീകരിച്ചതെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ ഈ ആവേശവും സഭാകാര്യങ്ങളിലുള്ള വലിയ താത്പര്യവും പുതിയ ശുശ്രൂഷാമേഖലയ്ക്കു വലിയ കരുത്തും ആത്മവിശ്വാസവും പകരുന്നതാണെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

ഓരോ രൂപതയിലും പ്രവര്‍ത്തിക്കുന്ന വൈദികരുടെ മികച്ച നേതൃത്വത്തിന്റെയും ജനങ്ങള്‍ക്ക് ആത്മീയ പരിശീലനം നല്‍കുന്നതില്‍ കാണിക്കുന്ന വലിയ ഉത്സാഹത്തിന്റെയും തെളിവുകളാണ് ജനങ്ങളുടെ ഈ താത്പര്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന്‍ മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിച്ചു.

മാര്‍ സ്രാമ്പിക്കലിനൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. വളരെ അനൌദ്യോഗികമായാണ് തന്റെ പ്രാരംഭ സന്ദര്‍ശനങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ ആരംഭിച്ചതെങ്കിലും തങ്ങള്‍ക്ക് സ്വന്തമായി കിട്ടിയ പുതിയ മെത്രാനെ കാണുവാനും സംസാരിക്കുവാനുമായി വലിയ ആവേശത്തോട് കൂടിയാണ് ഓരോ സ്ഥലത്തും ജനങ്ങള്‍ കാത്തു നില്‍ക്കുന്നത്. നാളെ മാര്‍ സ്രാമ്പിക്കല്‍, ന്യൂ കാസില്‍ പ്രദേശം കേന്ദ്രീകരിച്ചാണ് സന്ദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.