Seasonal Reflections - 2026

അപരനെ തകർക്കുന്ന വിധിവാചകങ്ങള്‍ ഒഴിവാക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 12

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 27-02-2026 - Friday

അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ ന്യായീകരണമില്ല" (റോമാ 2:1).

നമ്മുടെ ജീവിതത്തിൽ നാം പലപ്പോഴും അറിയാതെ തന്നെ വിധിയാളന്മാരായി മാറുന്നു. മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ, നാം സ്വയം നീതിമാന്മാരാണെന്ന് കരുതുന്നു. എന്നാൽ വി. പൗലോസ് അപ്പസ്തോലൻ വളരെ ഗൗരവകരമായ ഒരു മുന്നറിയിപ്പാണ് നൽകുന്നത്. മറ്റൊരാളെ വിധിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് വചനം ഓർമ്മിപ്പിക്കുന്നു. സ്വയം ന്യായീകരിക്കുന്ന ആത്മസംതൃപ്തിയെ അപ്പസ്തോലൻ ഇവിടെ ചോദ്യം ചെയ്യുന്നു.

"നിന്റെ വാക്കുകൾ 'അതെ' എന്നോ 'അല്ല' എന്നോ ആയിരിക്കട്ടെ" എന്ന കർത്താവിന്റെ വാക്കിനെ മുൻനിർത്തി, അനാവശ്യമായ വിധിവാചകങ്ങൾ ഒഴിവാക്കുന്നതാണ് കരണീയമായത്.

മറ്റുള്ളവരെ വിമർശിക്കുന്നതിലൂടെ നാം നമ്മുടെ പുണ്യങ്ങളെ വൃഥാവിലാക്കുകയാണെന്ന് ക്രിസോസ്തം പിതാവ് പറയുന്നു. വിധിക്കുന്നതിനു പകരം ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ പരിശോധിക്കണം (ഗലാ 6:4). ദൈവം വിധി നടപ്പിലാക്കുന്നത് സത്യത്തിന് അനുസൃതമായാണ്, എന്നാൽ മനുഷ്യന്റെ വിധി പലപ്പോഴും അന്ധമാണ്.

കുടുംബങ്ങളിലും സമൂഹത്തിലും സമാധാനമുണ്ടാകാൻ പരദൂഷണവും വിധിക്കലും ഒഴിവാക്കണമെന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. അപരനെ സ്നേഹിക്കുന്നതിലൂടെ മാത്രമേ ദൈവത്തെ സ്നേഹിക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു.

മറ്റുള്ളവരെ വിധിക്കുന്നതിന് മുൻപ് നാം കണ്ണാടിയിൽ നോക്കി സ്വന്തം കണ്ണിലെ തടി കാണാൻ ശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പയും കുറിക്കുന്നു . മറ്റുള്ളവരുടെ കണ്ണിലെ കരട് മാത്രം നോക്കുന്നവരെ അവിടുന്ന് "കപടനാട്യക്കാർ" എന്ന് വിളിക്കുന്നു. വിധി ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിധിക്കുന്ന വ്യക്തി ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കാൻ ശ്രമിക്കുകയാണ്. മനുഷ്യന്റെ വിധിയിൽ കാരുണ്യം ഉണ്ടാകില്ല, എന്നാൽ ദൈവത്തിന്റെ വിധി കാരുണ്യപൂർവ്വമാണ്. വിധിക്കുന്നതിന് പകരം മറ്റുള്ളവർക്കായി പ്രാർത്ഥിക്കാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു.

ഈശോയുടെ സ്നേഹവും കരുണയും പകർന്നുനൽകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ നോമ്പുകാലത്തോ അല്ലെങ്കിൽ നമ്മുടെ അനുദിന ജീവിതത്തിലോ മറ്റുള്ളവരെ വിധിക്കുന്ന മനോഭാവം ഉപേക്ഷിച്ച്, നമ്മെത്തന്നെ തിരുത്താനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »