News - 2024
അത്ഭുത രോഗശാന്തി സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സംഘത്തിന്റെ ചട്ടങ്ങള്‍ വത്തിക്കാന്‍ പുനഃക്രമീകരിച്ചു
സ്വന്തം ലേഖകന്‍ 24-09-2016 - Saturday
വത്തിക്കാന്‍: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി അത്ഭുതങ്ങളെ സ്ഥിരീകരിക്കുവാന്‍ നിയമിക്കുന്ന മെഡിക്കല്‍ സംഘത്തെ സംബന്ധിച്ച് വത്തിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ശാസ്ത്രീയവും, ചരിത്രപരവുമായി കൂടുതല്‍ കൃത്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്. മാര്‍പാപ്പ അംഗീകരിച്ച പുതിയ നിര്‍ദേശങ്ങള്‍ 'കോണ്‍ഗ്രിഗേഷന്‍ ഓഫ് സെയ്ന്റ്‌സിന്റെ' സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് മാര്‍സിലോ ബര്‍ടോലൂകിയാണ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിച്ചത്.
പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം, അത്ഭുത രോഗശാന്തികള്‍ പരിശോധിക്കുന്ന മെഡിക്കല്‍ സംഘത്തില്‍ ആറ് അംഗങ്ങള്‍ ഉണ്ടായിരിക്കണം. തങ്ങള്‍ പരിഗണിക്കുന്ന രോഗിയില്‍ നടന്ന സൌഖ്യം വൈദ്യശാസ്ത്രത്തിനതീതമായ ഒന്നാണെന്ന് ഈ സംഘത്തിലെ മൂന്നില്‍ രണ്ട് ഭാഗം ഡോക്ടറുമാരും സമ്മതിച്ചാല്‍ മാത്രമേ അത് സാധുവാകുകയുള്ളു. ഇതിനു മുമ്പ് രോഗസൗഖ്യം പരിശോധിക്കുന്ന മെഡിക്കല്‍ അംഗങ്ങളുടെ നേരിയ ഭൂരിപക്ഷം മാത്രമേ, വിശുദ്ധ പദവിയിലേക്ക് നയിക്കുന്ന അത്ഭുതമായി അതിനെ കണക്കാക്കുവാന്‍ ആവശ്യമായിരുന്നുള്ളു.
ഏതെങ്കിലും തരത്തില്‍ രോഗസൗഖ്യം നടന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണെങ്കില്‍ മെഡിക്കല്‍ സംഘം ഇനി മുതല്‍ മൂന്നു തവണയായിരിക്കും പരമാവധി പരിഗണിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന രോഗസൗഖ്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഏഴു പേരടങ്ങിയ മെഡിക്കല്‍ സംഘത്തിന്റെ മുന്നിലാണ് പരിശോധിക്കപ്പെടുക. വിശുദ്ധനാക്കപ്പെടുവാനായി പരിഗണിക്കുന്ന വ്യക്തിയുടെ നാമകരണത്തിന്റെ പോസ്ടുലേറ്റര്‍ക്ക് മെഡിക്കല്‍ സംഘത്തില്‍ ആരെല്ലാമാണ് ഉള്ളതെന്ന് അറിയുവാന്‍ ഒരു കാരണവശാലും സാധിക്കുകയില്ല.
ഒരു രോഗസൗഖ്യത്തിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയും, രണ്ടാമത് ഇതേ രോഗസൗഖ്യം തന്നെ വീണ്ടും പരിശോധിക്കുകയും ചെയ്യുമ്പോള്‍ പഴയ മെഡിക്കല്‍ സംഘത്തെ മാറ്റിയ ശേഷം പുതിയ മെഡിക്കല്‍ സംഘമായിരിക്കും ആ പ്രത്യേക കേസ് പരിഗണിക്കുക. രോഗസൗഖ്യത്തെ സംബന്ധിച്ച് പരിശോധനകള്‍ നടത്തുവാനെത്തുന്ന മെഡിക്കല്‍ സംഘത്തിലെ വിദഗ്ധര്‍ക്ക് ഇനി മുതല്‍ സേവനത്തിനുള്ള ശമ്പളം പണമായി നേരില്‍ അവരുടെ കൈവശം നല്‍കുകയില്ല. ഇലക്ട്രോണിക്ക് സംവിധാനം വഴി നിശ്ചിത തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കും സേവനത്തിന്റെ ശമ്പളമെന്ന നിലയില്‍ കൈമാറുക.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് 1983-ല്‍ ആണ് മെഡിക്കല്‍ സംഘത്തെ സംബന്ധിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവസാനമായി സഭ നടപ്പിലാക്കിയത്. 2015 സെപ്റ്റംബര്‍ മാസത്തിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍സിലോയുടെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളുള്ള പുതിയ സമിതിയെ പരിഷ്‌കാര നടപടികള്‍ക്കായി വത്തിക്കാന്‍ നിയോഗിച്ചത്. ഇവര്‍ സമര്‍പ്പിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മാര്‍പാപ്പ അംഗീകരിക്കുകയായിരിന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക