News
ലെയോ പാപ്പ ആഫ്രിക്കയില്‍; ആവേശകരമായ സ്വീകരണം ഒരുക്കി അൾജീരിയ
പ്രവാചകശബ്ദം 13-04-2026 - Monday
അല്‍ജിയേഴ്സ്: 10 ദിവസം നീണ്ട ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 1029 കിലോമീറ്ററുകൾ ദൂരം പിന്നിട്ട്, അൾജീരിയയിലെത്തിയ ലെയോ പാപ്പയ്ക്കു ലഭിച്ചതു ആവേശകരമായ സ്വീകരണം. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയും സൈനികനുമായിരുന്ന ഹൗറി ബൗമെഡിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പാപ്പയെ അപ്പസ്തോലിക ന്യൂൺഷ്യോ മോൺസിഞ്ഞോർ ഹാവിയർ ഹെരേര കൊറോണയും, പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനും, വിമാനത്തിനുള്ളിൽ കടന്നു ചെന്ന് ഔദ്യോഗികമായി പാപ്പായെ രാജ്യത്തേക്ക് ക്ഷണിച്ചു. വിമാനത്തിന് പുറത്തേക്ക് വന്ന പാപ്പായെ, രാഷ്ട്രതലവൻ, അബ്ദെൽമഡ്ജിദ് തേബൂൺ ഹാർദ്ദവമായി സ്വാഗതമരുളി.
പാപ്പയോടുള്ള ആദരസൂചകമായി ഇരുപത്തിയൊന്നു തവണ ആചാര വെടി മുഴക്കി. തുടർന്ന് പ്രസിഡന്റുമായി ഹ്രസ്വമായ കൂടിക്കാഴ്ച്ച നടത്തുകയും, വത്തിക്കാന്റെയും, അൾജീരിയയുടെയും ഔദ്യോഗിക പ്രതിനിധികൾ പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഔദ്യോഗിക വരവേല്പ്പിന് ശേഷം ഏകദേശം 17.8 കിലോമീറ്ററുകൾ അകലെയുള്ള, രക്തസാക്ഷികളുടെ സ്മാരകം സ്ഥിതി ചെയ്യുന്ന, മഖാം എഷാഹിദ് എന്ന സ്ഥലത്തേക്ക് കാറിൽ യാത്ര തിരിച്ചു.
ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തെത്തിയ പാപ്പയെ സ്മാരകത്തിന്റെ പടവുകൾക്ക് താഴെ മന്ത്രിസഭയിലെ ഒരു അംഗം സ്വീകരിച്ചു. തുടർന്ന്, സൈനിക ഉദ്യോഗസ്ഥൻ പാപ്പയെ, പുഷ്പചക്രവുമായി പടവുകൾക്ക് മുകളിലേക്ക് അനുഗമിച്ചു. സ്മാരകത്തിന് മുന്നിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ദേശീയഗാനം ആലപിക്കുകയും രക്തസാക്ഷികളെ ആദരിക്കാനായി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു. സ്മാരകത്തിന്റെ മറുഭാഗത്ത് ഒത്തുകൂടിയിരിക്കുന്ന ഏകദേശം അയ്യായിരത്തോളം വരുന്ന ജനങ്ങളെ പാപ്പ തുടർന്ന് അഭിവാദ്യം ചെയ്തു. അൾജീരിയയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ പോൾ വെസ്കോ, പാപ്പായെ ഔദ്യോഗികമായി സ്വാഗതം ചെയ്തു സംസാരിച്ചു.
പിന്നീട്, റോഡ് മാർഗം 3.8 കിലോമീറ്ററുകൾ അപ്പുറത്തുള്ള എൽ മൗറാദിയ രാഷ്ട്രപതി ഭവനത്തില്‍ എത്തിയ പാപ്പയെ സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന്, അൾജീരിയൻ ദേശീയ പതാകയ്ക്ക് മുന്നിൽ ആദരപൂർവം നിലക്കൊണ്ട പാപ്പായെ, രാഷ്ട്രപതി സ്വീകരിച്ചു. ശേഷം, പാപ്പായും പ്രസിഡന്റും ചേർന്ന് കൊട്ടാരത്തിലെ പ്രധാന സ്വീകരണ ഹാളിലേക്ക് നീങ്ങി. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും, ഔദ്യോഗികമായി ഫോട്ടോ എടുത്തു. തുടർന്ന്, നയതന്ത്ര പ്രതിനിധികളും രാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ജെമാ എൽ ജെസറില് നടന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️




















